Local newsTHRITHALA

പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രമിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

തൃത്താല: പരുതൂർ പഞ്ചായത്ത് പ്രസിഡൻറ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി എന്നത് പച്ചക്കള്ളം ആണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിലെ സ്ഥലംമാറ്റം പൂർണമായും ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയാണ് നടത്തപ്പെടുന്നത്, അതിലെ വിവരങ്ങൾ സുതാര്യമാണെന്നും മന്ത്രി പറഞ്ഞു.
യഥാർത്ഥത്തിൽ , നിലവിലുള്ളയാൾക്ക് മുൻപുണ്ടായിരുന്ന സെക്രട്ടറി റിട്ടയർ ചെയ്യുകയാണ് ഉണ്ടായത്. അതിനുശേഷം നിയമിച്ചയാൾക്ക് തൊട്ടടുത്ത ഗ്രാമപഞ്ചായത്തിലേക്ക് രണ്ടര മാസം മുൻപ് സ്ഥലംമാറ്റം നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ അന്ന് ആ സ്ഥലംമാറ്റം നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ നടപ്പാക്കാൻ ആകുമായിരുന്നിട്ടും സെക്രട്ടറി നിലവിലും അവിടെ തുടർന്ന് വരികയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രമിക്കുന്നത്. നുണ പറച്ചിൽ അവസാനിപ്പിച്ച് ജനങ്ങളോട് സത്യം പറയാൻ പ്രസിഡന്റ്‌ തയ്യാറാവണം.

പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി എന്ന പച്ചക്കള്ളമാണ് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രചരിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ഹംസ. എസ് ന് അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 22.12.24 ലെ ഉത്തരവിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൊടുവായൂർ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം നൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൂർണമായും ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയാണ് നടത്തപ്പെടുന്നത്. അതിലെ വിവരങ്ങൾ സുതാര്യമാണ്. അർഹതപ്പെട്ട സ്ഥലംമാറ്റം ലഭിക്കാത്ത പക്ഷം അതിനെതിരെ ജീവനക്കാർക്ക് അപ്പീൽ / പരാതി നൽകാനും കഴിയും. ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ തന്നെ തയ്യാറാക്കുന്ന ക്യൂ ലിസ്റ്റ് പ്രകാരമാണ് സ്ഥലം മാറ്റങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നടത്തുന്നത്.

യു ഡി എഫ് കാലത്തുണ്ടായിരുന്നത് പോലെ സ്വജനപക്ഷപാതവും സ്വാധീനവും ലേലം വിളിയുമല്ല സ്ഥലംമാറ്റത്തിനടിസ്ഥാനം. ജീവനക്കാരൻ്റെ ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ക്യൂ ലിസ്റ്റ് പ്രകാരം നടത്തിയ സ്ഥലംമാറ്റത്തെയാണ് സർക്കാരിന്റെ ദ്രോഹ നടപടിയായി പഞ്ചായത്ത് പ്രസിഡണ്ട് ചിത്രീകരിച്ചിരിക്കുന്നത്. അർഹതപ്പെട്ട സ്ഥലംമാറ്റം ജീവനക്കാർക്ക് നൽകുന്നതിനാണ് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. സ്ഥലംമാറ്റം നൽകുന്നതിനൊപ്പം തന്നെ ഗ്രാമ പഞ്ചായത്തിൽ പകരം ആളെ ലഭ്യമാക്കുന്നു എന്നും പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പു വരുത്തിയിട്ടുണ്ട്.

22.12.24 ലെ അതേ സ്ഥലം മാറ്റ ഉത്തരവിലെ ക്രമ നമ്പർ 44 പ്രകാരം ഹംസക്ക് പകരമായി പടന്ന ഗ്രാമ പഞ്ചായത്തിൽ നിന്നും ശ്രീ.സാബുവിനെ സ്ഥലം മാറ്റി നിയമിച്ചിട്ടുമുണ്ട്.

ഇനി സെക്രട്ടറിയുടെ കാര്യത്തിൽ എന്താണ് സത്യമെന്ന് നോക്കാം. നിലവിലുള്ള ആൾക്ക് മുമ്പുണ്ടായിരുന്ന സെക്രട്ടറി റിട്ടയർ ചെയ്യുകയാണുണ്ടായത്.അതിനു ശേഷം നിയമിച്ച ആൾക്ക് തൊട്ടടുത്ത ഗ്രാമ പഞ്ചായത്തിലേക്ക് രണ്ടര മാസം മുമ്പ് സ്ഥലം മാറ്റി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ അന്ന് ആ സ്ഥലംമാറ്റം നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ നടപ്പാക്കാനാവുമായിരുന്നിട്ടും പ്രസ്തുത സെക്രട്ടറി നിലവിലും അവിടെ തുടർന്നു വരുന്നുണ്ട്. പകരം ആളെ നൽകി കൊണ്ട് മാത്രമേ സ്ഥലംമാറ്റം പ്രാവർത്തികമാക്കുകയുള്ളു.

അപേക്ഷ നൽകി സ്ഥലം മാറി പോയ അസി. സെക്രട്ടറിക്ക് പകരം ആളെ നൽകിയിട്ടും, ഇപ്പോഴും തുടരുന്ന സെക്രട്ടറി ഉണ്ടായിട്ടും, സസ് പെൻഷനിലായ ഒരാൾ ഒഴികെ മറ്റ് മുഴുവൻ ജീവനക്കാർ ഉണ്ടായിട്ടും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രം അസത്യങ്ങൾ വിളിച്ച് പറയേണ്ടുന്ന ദയനീയ അവസ്ഥയിലാണ് പരുതൂരിലെ യു ഡി എഫ് രാഷ്ട്രീയ നേതൃത്വം.

കള്ളങ്ങൾ തലയിൽ അലങ്കാരമായി കൊണ്ടുനടക്കുന്ന പ്രസിഡന്റേ, ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞ് എത്ര കാലം സ്വന്തം ദൗർബല്യവും യു ഡി എഫ് ഭരണ സമിതിയുടെ പരാജയവും മറച്ചുവക്കാനാവും. ഇനിയും പരുതൂരിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു താങ്കൾ കരുതരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button