KERALA

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ല; മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി എസ്.ഐ.ഒ

ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് താനൂരിലെ മന്ത്രി വി അബ്ദുറഹ്മാന്റെ ക്യാമ്പ് ഓഫീസിലേക്ക് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികൾ തുടരുമെന്നും എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അറിയിച്ചു.

ന്യൂനപക്ഷങ്ങൾക്കായുള്ള വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുകയാണ് അൻപത് ശതമാനമായി വെട്ടിക്കുറച്ചത് അനുവദിക്കില്ലെന്നും പദ്ധതി വിഹിതത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമായത് കെടുകാര്യസ്ഥതയാണെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ന്യൂനപക്ഷ പ്രധിനിധിയായ മന്ത്രി രാജിവെച്ചു പുറത്തുപോവണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ താനൂരിലെ മന്ത്രി ഓഫീസിലേക്ക് നടന്ന മാർച്ചിൽ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശുഹൈബ് സി.ടി, ആക്ടിവിസ്റ്റ് അഡ്വ അമീൻ ഹസൻ, ഫ്രറ്റേണിറ്റി മലപ്പുറം ജനറൽ സെക്രട്ടറി ബാസിത് താനൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. അസ്‌ലം പളളിപ്പടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button