Kunamkulam

നേപ്പാളിലേക്ക് സന്യാസത്തിന് പോയ കുന്നംകുളം സ്വദേശി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; ദുരൂഹത

കാഠ്മണ്ഡു: നേപ്പാളിലേക്ക് സന്യാസത്തിന് പോയ മലയാളി യുവസന്യാസിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറു വര്‍ഷമായി നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചുവരികയായിരുന്ന യുവസന്യാസിയായ ബ്രഹ്മാനന്ദഗിരി (38) ആണ് മരിച്ചത്. ശ്രിബിന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 38കാരനായ ബ്രഹ്മാനന്ദ ഗിരിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റേയും സുന്ദരിഭായിയുടേയും മകനാണ്. ആറുവര്‍ഷം മുന്‍പാണ് ശ്രിബിന്‍ സന്യാസ ജീവിതത്തിനായി നേപ്പാളിലേക്ക് പോയത്. നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തെലങ്കാന പൊലീസാണ് സ്വാമിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം കുടുംബത്തെ വിളിച്ചറിയിച്ചത്.

നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ശ്രിബിന്‍ വ്യാഴാഴ്ച്ച കുന്നംകുളത്തെ ക്ഷേത്രത്തിലെ ശാന്തിയെ വിളിച്ചറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ കൃഷ്ണദാസിനു നിവേദനം നല്‍കി.

സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയില്‍ ട്രെയിനില്‍ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് തെലങ്കാനയിലെ ഖമ്മം സ്റ്റേഷന് അടുത്ത് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു.

മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. തെലങ്കാനയില്‍ നിന്നും നാട്ടിലെത്തിച്ച ശ്രിബിന്റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്‌കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button