നൂറിന്റെനിറവിൽപരിച്ചകം എ.എം.എൽ.പി. സ്കൂൾ

എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിച്ചത്.
പി.പി. സുനീർ എം.പി., എ. അബ്ദുൽ ലത്തീഫ്, ഡോ. ഷെഫീഖ്, അഡ്വ. എം.കെ. മുഹമ്മദ് സലീം, ശശി, ചന്ദ്രൻ, സവാദ് മാറഞ്ചേരി, മന്നിങ്ങയിൽ ശുക്കൂർ, നാസർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളാണ്.പ്രഥമാധ്യാപകനായ വി.കെ. ശ്രീകാന്ത് ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികൂടിയാണ്.
പ്രമുഖ സി.പി.ഐ. നേതാവ് പി.പി. ബീരാൻകുട്ടിയായിരുന്നു 2016 വരെ സ്കൂൾ മാനേജർ.
നിലവിൽ പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് മാനേജർ.
സ്കൂൾ നൂറാം വാർഷികാഘോഷം ‘ശതാഭം-2025’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് വിളംബരറാലിയോടെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങും. പഠനോത്സവം, വിവിധ മേളകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നടക്കും.
മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. അബ്ദുൽ അസീസ് വിളംബരജാഥയും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സുഹറ ഉസ്മാൻ പഠനോത്സവവും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30-ന് ‘ശതാഭം-2025’ പൊതുസമ്മേളനം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
സ്കൂൾ പൂർവവിദ്യാർഥിയായ പി.പി. സുനീർ എം.പി. മുഖ്യാതിഥിയാകും. പൂർവാധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവും വിദ്യാർഥികളെ അനുമോദിക്കൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീനയും ഉദ്ഘാടനം ചെയ്യും.
തുടർന്ന് സ്കൂളിലെ കുട്ടികളും പൂർവവിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികളും കലാഭവൻ അഷ്റഫിന്റെ മിമിക്രിയും ആഞ്ചൽസ് വാടാനപ്പള്ളി അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ തരോത്തേൽ അഷ്റഫ്, കെ. അബൂബക്കർ, അധ്യാപകൻ എം.ഇ. നസീർ, സവാദ് മാറഞ്ചേരി, പി.ടി.എ. പ്രസിഡന്റ് പി. സൈനുൽ ആബിദ്, പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത് എന്നിവർ പറഞ്ഞു.
