നീന്തൽ അറിയോ ന്ന് ചോദിച്ചാൽ..? സത്യവാങ്മൂലം ഉണ്ടല്ലോ?; അപ്പൊ മൂന്ന് ദിവസം കൊണ്ട് 10,000 കുട്ടികൾക്ക് കൊടുത്ത സർട്ടിഫിക്കറ്റുകൾ?; അതിപ്പോ ഒരു കീഴ് വഴക്കം ആവുമ്പോ അങ്ങിനെയല്ലേ..?

മലപ്പുറം: മൂന്നുദിവസത്തിനിടെ ജില്ലയിൽ നീന്തൽസർട്ടിഫിക്കറ്റ് നൽകിയത് 10,000 കുട്ടികൾക്ക്. ഇവർക്കൊക്കെ നീന്തൽ അറിയുമോയെന്നു ചോദിച്ചാൽ ഉത്തരമില്ല. അറിഞ്ഞാലും ഇല്ലെങ്കിലും സർട്ടിഫിക്കറ്റ് കിട്ടുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രണ്ടുമാർക്കാണ് നീന്തൽ സർട്ടിഫിക്കറ്റ് നേടുന്നതിലൂടെ വെയിറ്റേജ് ആയി കുട്ടികൾക്കു ലഭിക്കുന്നത്. പലയിടത്തും കുട്ടികൾക്ക് നീന്തലറിയുമോയെന്ന് പരിശോധിക്കാൻ സംവിധാനമില്ല. മിക്ക തദ്ദേശസ്ഥാപനങ്ങളിലും പൊതുകുളമില്ല. ഉള്ളിടത്ത് പരിശീലനവും നടക്കുന്നില്ല. പിന്നെ കുട്ടികളെങ്ങനെ നീന്താൻ പഠിക്കും.?
മിക്ക ജില്ലകളിലെയും സ്പോർട്സ് കൗൺസിലിന് സ്വന്തമായി നീന്തൽക്കുളമുണ്ടെങ്കിലും മലപ്പുറത്ത് അതില്ല. ഇത്രയും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകേണ്ട കൗൺസിൽ പലപ്പോഴും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ആയിട്ടില്ല. ജില്ലയിൽ നീന്തൽ പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ ആശ്രയിക്കുന്നത് രണ്ടു സ്കൂളുകളെയാണ്. നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിലും മഞ്ചേരി ബെഞ്ച്മാർക്ക് സ്കൂളിലുമാണ് നിലവിൽ സൗകര്യമുള്ളത്. ജില്ലാ സ്പോർട്‌സ് കൗൺസിൽ നേരിട്ട് സർട്ടിഫിക്കറ്റ് നൽകിയിരുന്നപ്പോൾ ഇവിടെയാണ് പരിശോധന നടത്തിയിരുന്നത്.
പൊതുകുളങ്ങൾ കുറവ്;
അങ്ങാടിപ്പുറം പഞ്ചായത്തിന് കീഴിൽ 11 കുളങ്ങളുണ്ടെങ്കിലും രണ്ടുകുളങ്ങൾ മാത്രമാണ് നീന്തൽ പരീശീലനത്തിന് ഉപയോഗിക്കുന്നത്. തിരൂർക്കാടുള്ള പുളിയിലക്കുളവും ചെരക്കാപറമ്പ് പുത്തൻകുളവും. കോഡൂർ പഞ്ചായത്തിലുള്ള മങ്ങാട്ടുപുലം പൊതുകുളം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമിച്ചതാണ്. വണ്ടൂർ പഞ്ചായത്തിൽ അഞ്ചും തിരുവാലിയിൽ ആറും പോരൂരിൽ മൂന്ന് പൊതുകുളങ്ങളുമുണ്ട്. എടപ്പാൾ, തറക്കലിൽ വിക്ടറി സ്പോർട്സ് ക്ലബ്ബ് ചാത്തൻകുളത്തിൽ വർഷങ്ങളായി പരിശീലനമുണ്ട്. ആലങ്കോട്ടെ ചിറക്കുളത്തിൽ മോഡേൺ ക്ലബ്ബ് നീന്തൽ പരിശീലനം നൽകുന്നു. തിരൂർ ഏറ്റിരിക്കടവ് പാലത്തിനു സമീപം നൂർമുഹമ്മദ് എന്ന പരിസ്ഥിതിപ്രവർത്തകൻ നൂർ ലേക്കിൽ ഒരുക്കിയ കുളത്തിൽ കുട്ടികൾക്കും നീന്തൽവശമില്ലാത്ത മുതിർന്നവർക്കും നീന്തൽ പഠിക്കാം. വെട്ടം പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു. പരപ്പനങ്ങാടി നഗരസഭയിൽ 39-ാം ഡിവിഷൻ കൊടപ്പാളിയിലെ നുള്ളംകുളം നീന്തൽ പരിശീലനം നൽകുന്നതിന് തയ്യാറാക്കിയെടുക്കുന്നുണ്ട്. വിദ്യാർഥികൾക്ക് നീന്തൽസർട്ടിഫിക്കറ്റ് നൽകുന്നത് പരിശോധനപോലുമില്ലാതെ. സ്പോർട്‌സ് കൗൺസിലിന്റെ പണി വെറും ഒപ്പിടൽ സ്‌പോർട്‌സ് കൗൺസിലിനുള്ള നീന്തൽക്കുളങ്ങൾ വട്ടപ്പൂജ്യം.
