തൃശ്ശൂർ പൂരം കുടമാറ്റത്തിന് മെസി ചിത്രം ഉയർത്തിയ വിവാദം: ഹിന്ദു ഐക്യവേദിയോട് പോയി പണി നോക്കാൻ തിരുവമ്പാടി
May 4, 2023
തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിന് മെസി ചിത്രം ഉയർത്തിയത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം. വിശ്വാസികളെ വഞ്ചിച്ചെന്ന ഹിന്ദു സംഘടനകളുടെ വിമർശനം മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വിശദീകരണം. കാർഗിൽ യുദ്ധ സമയത്ത് ജവാന്മാരുടെ ചിത്രവും ഉയർത്തിയിരുന്നു. സൗഹൃദ മത്സരത്തിന്‍റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതികരിച്ചു. ‘കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലെ മത്സരമാണ്. വിശ്വാസവും ആചാരവുമല്ല. ഇതിന് ഫാൻസി കുടയെന്നാണ് പറയുന്നത്. അതിൽ എന്ത് ഉള്ളടക്കം എന്നതിൽ വലിയ പ്രസക്തിയൊന്നും ഇല്ല. ഇത്തവണ അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയർത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകൾ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്. തൃശ്ശൂർ പൂരത്തിന്റെ മഹിമ ലോകത്തിന്റെ നെറുകയിലെത്തിക്കാനായിരുന്നു ശ്രമം. ഇന്ന് ഖത്തർ റേഡിയോയിൽ നിന്ന് വിളിച്ചിരുന്നതായും അഭിനന്ദനം അറിയിക്കുകയുമാണ് ചെയ്തതെന്ന് തിരുവമ്പാടി ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം പി. ശശിധരൻ പറഞ്ഞു. മെസി കുടമാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. അദ്ദേഹവും പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ ജവാന്റെ കുട ഉയർത്തിയിരുന്നു. പാറമേക്കാവ് പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയർത്തി. ഇതിലൊന്നും വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ലെന്നും ലോകത്തിന് മുന്നിൽ വലിയ സന്ദേശമാണ് തൃശ്ശൂർ പൂരം നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.