നിലവിൽ 13,060 സീറ്റുകൾ ഒഴിവ്
മലപ്പുറം പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 13,060 സീറ്റുകൾ. 19,710 അപേക്ഷയാണ് ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ലഭിച്ചത്. അലോട്ട്‌മെന്റിനുശേഷം മറ്റ് ക്വോട്ടകളിൽ പ്രവേശനം നേടിയവർ, ഓപ്‌ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ അപേക്ഷകൾ എന്നിവ ഒഴിവാക്കിയതിനുശേഷമുള്ള 19,659 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 1883 പേർ മറ്റ് ജില്ലകളിൽനിന്നുള്ളവരാണ്. മെറിറ്റ് വിഭാഗത്തിലെ 5890 ഉൾപ്പെടെ 6005 സീറ്റുകളിലാണ് അലോട്ട്‌മെന്റ് നടന്നത്. മെറിറ്റിൽ –നാല്, മാനേജ്‌മെന്റ് –-3184, അൺ എയ്‌ഡഡ്–- 9872 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ആദ്യഘട്ട സപ്ലിമെന്ററിയിൽ അലോട്ട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം വെള്ളിയാഴ്‌ച വൈകിട്ട് അവസാനിച്ചു. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരുടെ കണക്കുകൂടി വന്നാലേ ബാക്കി സീറ്റുകളുടെ സ്ഥിതിയറിയൂ. സ്‌കൂൾ ട്രാൻസ്‌ഫറുകൾക്കും കോംബിനേഷൻ മാറ്റത്തിനുമുള്ള അപേക്ഷ അടുത്ത ഘട്ടത്തിൽ നൽകണം. ഇതുകൂടി പൂർത്തിയായാൽ ബാക്കിവരുന്ന സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കും. തെക്കൻ ജില്ലകളിൽ ഒഴിവുവന്ന 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റിയിരുന്നു. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല അലോട്ട്‌മെന്റിൽ അവസരം ലഭിച്ചിട്ടും പ്ലസ്‌വൺ പ്രവേശനം നേടാതെ ജില്ലയിൽ 9753 വിദ്യാർഥികൾ. സപ്ലിമെന്ററിക്കുമുമ്പുള്ള മൂന്ന് അലോട്ട്‌മെന്റുകളിലെയും അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയശേഷമുള്ള കണക്കാണിത്. സംസ്ഥാനത്തുതന്നെ ഉയർന്ന കണക്ക്. തെറ്റായ പ്രചാരണത്തിൽ കുടുങ്ങി പ്രവേശനം നേടാതിരുന്നവരാണ് ഇതിലേറെയും. ജില്ലയിലേക്ക് 14 ബാച്ചുകൾ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ ജില്ലയിലേക്ക് മാറ്റി. ഈ അധ്യയന വർഷം ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് നൽകിയ 30 ശതമാനവും എയ്‌ഡഡ് മേഖലയിലെ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവിനും പുറമെയാണിത്. 60 കുട്ടികളാണ് ഒരു ബാച്ചിലുണ്ടാകുക. ഗവ. എച്ച്‌എസ്‌എസ് കാട്ടിലങ്ങാടി താനൂർ, ഗവ. എച്ച്‌എസ്‌എസ് കോക്കൂർ എന്നീ സ്‌കൂളുകളിലേക്ക് ഹ്യുമാനിറ്റീസ് ബാച്ചും കേളപ്പൻ മെമ്മോറിയൽ ഗവ. വിഎച്ച്‌എസ്‌എസ് തവനൂർ, ഗവ. മാനവേദൻ എച്ച്‌എസ്‌എസ് നിലമ്പൂർ, ജിഎച്ച്‌എസ്‌എസ് പാലപ്പെട്ടി, ജിആർഎഫ്‌ടിവിഎച്ച്‌എസ്‌എസ് താനൂർ, ജിഎച്ച്‌എസ്‌എസ് ഡൗൺ ഹിൽ, മലപ്പുറം, ജിവിഎച്ച്‌എസ്‌എസ് വേങ്ങര, ജിഎച്ച്‌എസ്‌എസ് പൂക്കോട്ടുംപാടം, ജിഎച്ച്‌എസ്‌എസ് പുറത്തൂർ, ജിജിഎച്ച്‌എസ്‌എസ് പെരിന്തൽമണ്ണ, ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് തിരൂർ, ഗവ. വിഎംസിഎച്ച്‌എസ്‌എസ് വണ്ടൂർ, ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് മഞ്ചേരി എന്നിവിടങ്ങളിൽ സയൻസ് ബാച്ചുമാണ് അനുവദിച്ചത്. 2021 ൽ 13 ബാച്ചുകളാണ് അനുവദിച്ചത്. സയൻസ് –- നാല്, ഹ്യുമാനിറ്റീസ്–-ഒമ്പത്.