MALAPPURAM

നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപത്തിൽ നവവധു ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

കൊണ്ടോട്ടി: നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറമില്ലെന്ന പേരില്‍ ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button