കൃഷിയിലിതാ കുട്ടിക്കൂട്ടം;കർഷകക്കുപ്പായവുമിട്ടു എടപ്പാൾ, പൂക്കരത്തറ ദാറുൽ ഹിദായ വിദ്യാർത്ഥികൾ


എടപ്പാൾ: സ്കൂൾ വിട്ടുവന്നാൽ ഈ കുട്ടിക്കൂട്ടത്തിന് സമയം കളയാനില്ല. കൃഷിയുമായി അവർ തിരക്കിലാണ്. ആ കൂട്ടായ്മയിൽ വിളയുന്നു ഒട്ടേറെ പച്ചക്കറികൾ.
എടപ്പാൾ ദാറുൽഹിദായ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി പൊന്നാംകുണ്ടിൽ അബ്ദുൾ ഹക്കീം, തട്ടാൻപടി ഗവ. യു.പി.എസിലെ രണ്ടാംക്ലാസുകാരൻ മുഹമ്മദ് സാദിഖ്, പൂക്കരത്തറ ദാറുൽഹിദായയിലെ ഒൻപതാം ക്ലാസുകാരൻ അമൽ ഷനീൻ, അംശക്കച്ചേരി ജി.യു.പി. സ്കൂളിലെ ആറാം ക്ലാസുകാരായ അഭിനവ്, ഞാറക്കുഴിയിൽ യദുകൃഷ്ണ, നാലാം ക്ലാസുകാരൻ അലൻ കൃഷ്ണ, വെറൂർ എ.യു.പി.എസിലെ അഞ്ചാം ക്ലാസുകാരനായ റിൻഷാദ് കോലക്കാട്ട് എന്നിവരാണ് വിദ്യാർഥിയെന്നതിനൊപ്പം കർഷകക്കുപ്പായവുമിടുന്നത്. സ്കൂളിൽവെച്ചും വൈകുന്നേരമുള്ള ട്യൂഷൻ ക്ലാസിൽ വെച്ചുമെല്ലാമുള്ള പരിചയമാണ് ഇവരെ കൃഷിയെന്ന ചിന്തകളിലേക്കെത്തിച്ചത്.
വെണ്ട, പച്ചച്ചീര, ചുവന്നചീര, പയർ, പച്ചമുളക്, വഴുതിന, തക്കാളി തുടങ്ങി പറ്റാവുന്നവയെല്ലാം ഇവരുടെ കൃഷിയിടത്തെ മനോഹരമാക്കും. വിളവെടുത്തു കിട്ടിയതെല്ലാം തുല്യമായി വീതിച്ചെടുക്കുകയും ചെയ്യും. എല്ലാവരുടെയും വീടുകളിൽ നിന്നുള്ള വെണ്ണീറും ചാണകപ്പൊടിയുമെല്ലാം തോട്ടത്തിലെ വളമാകും. കുട്ടികളുടെ കൃഷിയെക്കുറിച്ചറിഞ്ഞ് കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം ടി.വി. പ്രകാശൻ, കെ.പി. ഉണ്ണികൃഷ്ണൻ, സി.പി. അഭിലാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
