കോഴിക്കോട്

നിമിഷപ്രിയയുടെ മോചനം: തുടർ ചർച്ചകളിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണം- കാന്തപുരം


കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചർച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനല്‍കിയിരിക്കുന്നത്.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് കാന്തപുരത്തിന്റെ ഓഫീസ് കേന്ദ്ര സര്‍ക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ തന്നെ സന്ദര്‍ശിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.

സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പ്രകാരം സര്‍ക്കാരിനും കാന്തപുരത്തിന്‍റെ ഓഫീസിനും പുറമെ ആക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധികളും ചേര്‍ന്നാവും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടത്തുക. നിമിഷ പ്രിയയുടെ കാര്യത്തില്‍ യെമെന്‍റെ നിയമവ്യവസ്ഥക്കകത്തുനിന്നുകൊണ്ടുള്ള അവസാനത്തെ സാധ്യതയാണ് കുടുംബത്തിന്റെ ദയതേടല്‍. കഴിഞ്ഞ ആഴ്ചവരെയും ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അത് ലഭ്യമാക്കിയ ശേഷമേ നിമിഷപ്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവൂ എന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ യെമെനി സൂഫി പണ്ഡിതന്‍മാര്‍ മുഖേന ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടുംബം ചര്‍ച്ചക്ക് തയ്യാറായതും 16-ാം തീയതി നിശ്ചയിച്ച വധശിക്ഷ നീട്ടിവെച്ചതും. ഇതേത്തുടര്‍ന്ന് ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുടുംബത്തോട് സംസാരിക്കാന്‍ യെമെനിലെ കാന്തപുരത്തിന്റെ പ്രതിനിധികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ദിയാധനം, മോചനം, അനുബന്ധ നിയമ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ചാനലുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ആവശ്യമെന്നാണ് കാന്തപുരത്തിന്‍റെ ഓഫീസ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button