നാളെ കേരളത്തില്‍ കെഎസ്‌യു വിദ്യഭ്യാസ ബന്ദ്: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം

നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളില്‍ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.’കൊല്ലം ജില്ലയില്‍ സ്കൂളിനോട് ചേർന്ന് വൈദ്യുതി ലൈനില്‍ പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സി പി എം മാനേജ്‌മെന്റില്‍ ഉള്ള സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയെന്നു മന്ത്രി പറയുമ്ബോള്‍ വലിയ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവുമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉള്ള ആയിരകണക്കിന് സ്കൂളുകള്‍ സംസ്ഥാനത്ത് ഉണ്ട്. അതിനെ തുറന്നു കാണിക്കപ്പെടേണ്ടതാണ്. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളില്‍ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു. ‘ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
തേവലക്കര ബോയ്സ് സ്കൂളിലേക്ക് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ചും മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ അലോയ്ഷ്യസ് സേവ്യർ അറിയിച്ചു. ആദ്യം കൊല്ലം ജില്ലയില്‍ മാത്രമായിരുന്നു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു. എ ബി വി പിയും കൊല്ലം ജില്ലയില്‍ നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ അപകടം. കളിക്കിടെ മിഥുനിന്റെ ചെരുപ്പ് ഒരു വിദ്യാർഥി സൈക്കിള്‍ ഷെഡിന് മുകളിലേക്ക് എറിഞ്ഞു. ചെരുപ്പ് എടുക്കാൻ ഷെഡിന് മുകളില്‍ കയറിയ മിഥുൻ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെയിറക്കി ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം മിഥുന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ‘കൊല്ലം ജില്ലയിലെ തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കും.’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. റിപ്പോർട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നല്‍കും. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നല്‍കും. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നല്‍കുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തി മിഥുന് ആദരാഞ്ജലികള്‍ അർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ (ജൂലൈ 18)നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊല്ലം തേവലക്കരയില്‍ ഒരു മകനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയില്‍ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും?
അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
