KERALA

നാടൊരുങ്ങി, സമൃദ്ധിയുടെ വിഷുനാളിനായി…

കൊച്ചി: വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷ പ്രതീതിയിലാണ് നാടും നഗരവും. വിഷുക്കണി ഒരുക്കാനും വിഷുക്കോടി വാങ്ങാനും ഒക്കെയായി നഗരത്തിലെ പച്ചക്കറി കടകളിലും തുണിക്കടകളിലും തിരക്കേറിയിട്ടുണ്ട്.ആഘോഷങ്ങള്‍ ഗംഭീരമാക്കാൻ കുട്ടികളും മുതിർന്നവരും എല്ലാവരും ചേർന്ന് കുടുംബ സമേതമാണ് കടകളിലേക്ക് എത്തുന്നത്.

കണി ഒരുക്കാനുള്ള സാധനങ്ങള്‍ റെഡി…

വിഷുവിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ കാണുന്ന വിഷുക്കണി. കണിക്കൊന്നയും വെള്ളരിയും ചക്കയും മാങ്ങ‍യും എല്ലാം അടങ്ങുന്നതാണ് വീടുകളിലൊരുങ്ങുന്ന കണി. അതുകൊണ്ട് തന്നെ വിഷുക്കണിക്കായുള്ള സാധനങ്ങള്‍ വാങ്ങാനാണ് തിരക്കേറെയും. മഴ പെയ്താല്‍ നശിച്ചുപോകുമെന്നത്കൊണ്ട് കണിക്കൊന്ന ഞായറാഴ്ചയോടെ മാത്രമെ വിപണിയില്‍ എത്തുകയുള്ളുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ തിരഞ്ഞ് വരുന്ന പ്ലാസ്റ്റിക്ക് കണിക്കൊന്നകള്‍ കടകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അഞ്ചെണ്ണത്തിന്‍റെ കൂട്ടത്തിന് 100 രൂപയാണ് വില. കൂടാതെ കൃഷ്ണ വിഗ്രഹങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 330 രൂപ വില വരുന്ന ചെറിയ വിഗ്രഹങ്ങള്‍ മുതല്‍ 5000 രൂപയുടെ വലിയ വിഗ്രഹങ്ങള്‍ വരെ വിപണിയിലുണ്ട്.

കണി ഒരുക്കുമ്ബോള്‍ വെക്കുന്ന പച്ചക്കറികളും വിപണി കീഴടക്കിക്കഴിഞ്ഞു. കണി വെള്ളരി, മാങ്ങ, ചക്ക മുതലായവയാണ് ആളുകള്‍ കൂടുതലായും വാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇവക്കൊന്നും വില വർധിക്കാത്തത് വ്യാപാരികള്‍ക്ക് വലിയ ആശ്വാസമായി. കിലോക്ക് 50 രൂപ വരെയാണ് കണിവെള്ളരിയുടെ വില. 40 മുതല്‍ 50 രൂപ വരെയാണ് ചക്കയുടെ വില. എന്നാല്‍, മാങ്ങയുടെ സീസണ്‍ അല്ലാത്തതിനാല്‍ കിലോക്ക് 120 രൂപ വരെയാണ് ഇവക്ക് വില. അതേസമയം സദ്യക്കായി ആളുകള്‍ പച്ചക്കറി വാങ്ങുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവർ കൂടുതലായും കാറ്ററിങ് സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ആശ്രയിക്കുന്നത് കൊണ്ടാണിത്. അതുകൊണ്ട് തന്നെ വിഷുസദ്യക്ക് മികച്ച ഓഫറുകളമായി നഗരത്തിലെ ഹോട്ടലുകളും സജ്ജമാണ്.

തുണിക്കടകളും സജീവം

വിഷുവിന് ആളുകള്‍ക്ക് കണിയും കൈനീട്ടവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിഷുക്കോടിയും. സെറ്റ് മുണ്ടും ഷർട്ടും സെറ്റ് സാരിയും എല്ലാമായാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. കോടി വാങ്ങാനായി തുണിക്കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരേ ഡിസൈനിലുള്ള മുണ്ട്, ഷർട്ട്, സാരി, പട്ടുപാവവാട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ വമ്ബൻ ഡിസ്കൗണ്ടുകളും ഓഫറുകളും കടകള്‍ നല്‍കുന്നുണ്ട്. 10,000 രൂപക്ക് മുകളില്‍ വസ്ത്രങ്ങള്‍ വാങ്ങുന്ന ആളുകള്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് തങ്ങള്‍ നല്‍കുന്നതെന്ന് പുളിമൂട്ടില്‍ സില്‍ക്സ് എം.ഡി റോജർ ജോണ്‍ പറഞ്ഞു. ഇതിന് പുറമേ വിവിധ കമ്ബനികളുടെ വസ്ത്രങ്ങളുടെ വിലയില്‍ പലവിധത്തിലുള്ള ഡിസ്കൗണ്ടുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷു പ്രമാണിച്ച്‌ ഗൃഹോപകരണ സ്ഥാപനങ്ങളും നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എ.സി, ടി.വി, ഫ്രിഡ്ജ് മുതലായവക്ക് വലിയ ഡിസ്കൗണ്ടുകള്‍ ഉണ്ട്. നഗരത്തിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ബിസ്മിയില്‍ ഒരു രൂപ വിഷുക്കൈനീട്ടമായി എത്തുന്നവർക്ക് ഫിനാൻസില്‍ എ.സി വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത ബ്രാൻഡുകളുടെ എ.സി വിലയില്‍ ഫ്ലാറ്റ് 50 ശതമാനം കിഴിവുമുണ്ടെന്ന് സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടർ ഡോ. വി.എ. അഫ്സല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button