ദേശീയ സമ്മതിദാന അവകാശ ദിനം: വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നടത്തി
ദേശീയ സമ്മതിദാനാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ‘ജനാധിപത്യം- വോട്ടിംഗ്, തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം’ എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 23 വിദ്യാർത്ഥികൾ പങ്കെടുത്തു.
അസിസ്റ്റന്റ് കളക്ടർ വി.എം. ആര്യ പരിപാടി ഉദ്ഘാടനം ചെയ്തു. എ ഡി എം എൻ.എം. മെഹറലി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി.എം. സുനീറ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
സ്കൂൾതല മത്സരത്തിൽ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്. എസിലെ പി.ഫാത്തിമ സഫ, മഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ കെ. അമേയ, മഞ്ചേരി ജെ.എസ്.ആർ. ജി. എച്ച്.എസ്.എസിലെ സെന്ന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കോളേജ് തല മത്സരത്തിൽ കുറ്റിപ്പുറം കെ.എം.സി.ടി.ലോ കോളേജിലെ സന ഷിറിൻ ഒന്നാം സ്ഥാനം നേടി. കുണ്ടൂർ പി.എം.എസ്.ടി. ആർട്സ് ആൻഡ് സയൻസ് കോളേജിലെ യു.ടി. അനഘ, പെരിന്തൽമണ്ണ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എം.പി. ആത്മജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ദേശീയ സമ്മതിദാന അവകാശ ദിനമായ ജനുവരി 25ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 20ന് ക്വിസ് മത്സരവും, 21ന് പോസ്റ്റർ മേക്കിങ്, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങളും നടക്കും.