KUTTIPPURAM

ദേശീയപാത വികസനം ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം; കെ.എൻ.ആർ.സി.എൽ സൂപ്പർവൈസർ നന്ദഗോപാൽ സന്ദർശനം നടത്തി

കുറ്റിപ്പുറം : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിച്ച ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം. ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് കുറ്റിപ്പുറത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്ത മഴയിൽ കുറ്റിപ്പുറം മൈത്രി നഗറിൻ്റെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉയർന്നതും പ്രദേശത്തെ പല വീടുകളിലേക്ക് വെള്ളം കയറാനും ഇടയായിരുന്നു. കുറ്റിപ്പുറം തെക്കേ അങ്ങാടിയിലെ തുഗ് മാലി ഭാഗത്ത് നിന്ന് വെള്ളക്കെട്ടുകൾ ഒഴുക്കിവിട്ടത് ടീം കുറ്റിപ്പുറം പ്രവർത്തകരായിരുന്നു. മൈത്രി നഗറിൽ നിന്നുള്ള വെള്ളം ദേശീയപാതയിലെ സർവിസ് റോഡുകൾക്ക് സമീപമുള്ള പുതിയ ഓടകളിലൂടെ തിരൂർ റോഡിൻ്റെ വശത്ത് കൂടി കടന്നു പോകുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി കൽവർട്ട് സ്ഥാപിക്കണമെന്നും ഇവർ പറയുന്നു. അതേ സമയം കെ.എൻ.ആർ.സി.എൽ സൂപ്പർവൈസർ നന്ദഗോപാൽ സന്ദർശനം നടത്തി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം ടീം കുറ്റിപ്പുറം പ്രവർത്തകരുമായി ചർച്ച നടത്തി.അടിയന്തിരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ടീം കുറ്റിപ്പുറം പ്രവർത്തകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കൂടാതെ അത്താണിക്കൽ, പൊറ്റാരത്ത് റോഡ്, ബംഗ്ലാംകുന്ന് എന്നിവിടെങ്ങളിൽ നിന്ന് കാൽനടയായി വരുന്നവർക്ക് ടൗണിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ടൗണിലേക്കുള്ള റോഡിന്റെ നിർമാണം മഴ കാരണം തടസപ്പെടുകയും പണി അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർക്ക് നടന്നു പോകുന്നതിന് സൗകര്യങ്ങൾ ചെയ്ത് നൽകണമെന്നും ടീം കുറ്റിപ്പുറം ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് നന്ദഗോപാൽ പ്രവർത്തകർക്ക് ഉറപ്പുനൽകി. ടീം കുറ്റിപ്പുറം പ്രസിഡൻ്റ് മുഹമ്മദലി പാറമ്മൽ, സെക്രട്ടറി ബഷീർ പൂക്കോട്ട്, ട്രഷറർ ഷാജീർ, അഡ്വ. ഫൈസൽ റഹ്മാൻ, റഫീഖ് അലി പാറമ്മൽ, മുജീബ്, ടി.കെ റസാക്ക് , ഒ.സി ഫൈസൽ, ശിഹാബ് ആലുക്കൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button