THAVANUR


ദേശീയപാത നിർമാണം : മിനിപമ്പയിലെ ഇടത്താവളം ചമ്രവട്ടത്തേക്ക് മാറ്റാൻ നീക്കം

തവനൂർ : ദേശീയപാത നിർമാണം നടക്കുന്നതിനാൽ മിനിപമ്പയിലെ ശബരിമല ഇടത്താവളം ഇത്തവണ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് മാറ്റാവുന്നതാണെന്ന് മലബാർ ദേവസ്വം ബോർഡ് ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി. ദേശീയപാത വികസനത്തെത്തുടർന്നുണ്ടായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണിത്.

മണ്ഡലകാലം ആരംഭിക്കുംമുൻപ് മിനി പമ്പയിൽ ഒരുക്കേണ്ട സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാകളക്ടർ മലബാർ ദേവസ്വം ബോർഡിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ മിനിപമ്പയിലെത്തി നടത്തിയ പരിശോധനയ്ക്കുശേഷം ദേവസ്വം ബോർഡ് ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് ഇടത്താവളം മാറ്റുന്ന കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഇത്തവണ സൗകര്യങ്ങളൊരുക്കാൻ പ്രയാസമുണ്ടെന്നും മല്ലൂർ ശിവപാർവതീക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്‌ കീഴിലുള്ളതല്ലെന്നും കത്തിൽ പറയുന്നു.

ചമ്രവട്ടം അയ്യപ്പക്ഷേത്രം നിലവിൽ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ചമ്രവട്ടത്തെ ഇടത്താവളമായി പ്രഖ്യാപിക്കുകയാണെങ്കിൽ തീർഥാടകർക്കായി ദേവസ്വം ബോർഡിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിൽ പാലംനിർമാണം നടക്കുന്നതിനാൽ തീർഥാടകർക്ക് വിരിവെയ്ക്കുന്നതിനും വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനും അസൗകര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടത്താവളം മാറ്റം സംബന്ധിച്ച് ദേവസ്വം ബോർഡ് നിർദേശം മുന്നോട്ടുെവച്ചിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള ശബരിമല തീർഥാടകർ വിശ്രമകേന്ദ്രമായി ഉപയോഗിച്ചുവരുന്ന ഭാരതപ്പുഴയോരത്തെ മിനിപമ്പ എന്നറിയപ്പെടുന്ന മല്ലൂർ ശിവപാർവതീക്ഷേത്രപരിസരം.

മിനിപമ്പയെ ഇടത്താവളമായി തിരുവിതാംകൂർ ദേവസ്വം ബോർഡും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. തീർഥാടനകാലത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ആവശ്യമായ തുക തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഡി.ടി.പി.സി.ക്ക് നൽകുന്നത്. മല്ലൂർശിവപാർവതീക്ഷേത്രം മലബാർ ദേവസ്വം ബോർഡിനുകീഴിലല്ലാത്തതിനാൽ മലബാർ ദേവസ്വം ബോർഡ് ഇടത്താവളത്തിൽ സൗകര്യമൊരുക്കുന്നതിനോ മറ്റോ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button