ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചു’; മുഖ്യമന്ത്രിക്കെതിരായ കേസ് ഇന്ന് ലോകായുക്തയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. മുഖ്യമന്ത്രിയുൾപ്പെടെ 18 മന്ത്രിമാർക്കെതിരെയാണ് പരാതി. അന്തരിച്ച എംഎൽഎ കെകെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകിയത് ചട്ട ലംഘനമാണെന്നാണ് പരാതി.
എന്നാൽ ദുരിതാശ്വാസ നിധി സംബന്ധിച്ച് മന്ത്രി സഭയ്ക്ക് തീരുമാനമെടുക്കാം എന്നാണ് സർക്കാർ വാദം. അതേസമയം മന്ത്രി സഭയുടെ തീരുമാനം കോടതി പോലും പരിശോധിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു ലോകായുക്തയുടെ നിലപാട്. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന് ലോകായുക്ത ക്ലിന് ചിറ്റ് നൽകിയിരുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നും വിധി പറയുന്നതിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിര്‍ദേശം നല്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.