തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിക്ക് കൂട്ടുനിന്ന അംഗങ്ങളും പ്രസിഡണ്ടും രാജിവെക്കണം: പ്രക്ഷോഭത്തിന് ഒരുങ്ങി എൽ ഡി എഫ്


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽലെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴുത്ത് കോഴികൂട് നിർമാണത്തിൽ ഓംബുഡ്സ്മാൻ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ അതിൽ കൂട്ട് നിന്ന അംഗങ്ങളും പ്രസിഡണ്ടും രാജി വയ്ക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. ഒമ്പതാം വാർഡിലേക്ക് അനുവദിച്ച തൊഴുത്തും കോഴിക്കൂടും ഗ്രാമസഭ അറിയാതെ പത്താം വാർഡിൽ താമസിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം പിതാവിന്റെയും പിതൃ സഹോദര പത്നിയുടെയും പേരിൽ നടപ്പിലാക്കിയതായാണ് കണ്ടത്തൽ. ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാന് ലഭിച്ച പരാതിയിലെ വിധിയിലാണ് ഈ പരാമർശങ്ങൾ. പത്താം വാർഡിൽ അനുവദിച്ച തൊഴുത്ത് അവിടെ നിർമ്മിക്കാതെ ഒമ്പതാം വാർഡ് അംഗത്തിന്റെ പിതാവിന്റെ വീടിനോട് ചേർന്നുള്ള പഴയ തൊഴുത്ത് കാണിച്ച് 30,09,335രൂപ കൈപ്പറ്റുകയായിരുന്നു ഓംബുഡ്സ് മാന്റെ വിധിയിൽ പറയുന്നത്.ഇത് അഴിമതിയും സ്വജനപക്ഷവുമാണെന്നും തുക 60 ദിവസത്തിനകം അദ്ദേഹത്തിൽ നിന്നോ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നോ ഈടാക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.പത്താം വാർഡിൽ ഗ്രാമസഭയറിയാതെ അനുദിച്ച കോഴിക്കൂടിനനുവദിച്ച 1,19,775 രൂപ വർഷങ്ങളായി സ്ഥിതി ചെയ്യുന്ന ദ്രവിച്ച കോഴിക്കൂട് ഇതുകൊണ്ടു നിർമിച്ചതെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൈപ്പറ്റുകയായിരുന്നു യെന്നും ഈ തുകയും പലിശയും ഇദ്ദേഹത്തിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. മറ്റു നിർദ്ദേശങ്ങൾ:കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുന്നത് ഓംബുഡ്സ്മാന്റെ അധികാര പരിധിയിൽപ്പെടാത്തതായതിനാൽ ഇവർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കുന്നത് ജോ.പ്രോഗ്രാം ഓഫീസർ പരിഗണിക്കണം. കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ നടപടിയെടുക്കണം.പഞ്ചായത്തിൽ സമാനമായ മറ്റു ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും ബി.പി.ഓയും പരിശോധിച്ചുറപ്പാക്കണം എന്ന് വിധിയിൽ പറയുന്ന സാഹചര്യത്തിൽ പ്രസിഡന്റും ആരോപണവിധേയരായ അംഗങ്ങളും രാജിവെക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭവും തുടർ നിയമനടപടികളും കൈക്കൊള്ളുമെന്ന് എൽ.ഡി.എഫ്.നേതാക്കളായ പി.ജ്യോതിഭാസ്, സി.രാമകൃഷ്ണൻ, കെ.എൻ.ഉദയൻ, എസ്.സുജിത്, ടി.സിദ്ധിഖ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.അതേ സമയം ഓംബുഡ്സ്മാന്റേത് രാഷ്ട്രീയ പ്രേരിത പരാമർശങ്ങളാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും പഞ്ചായയത്ത് യു.ഡി.എഫ്.ഭരണ സമിതി അറിയിച്ചു.മുൻഇടതുപക്ഷ ഭരണസമിതികളുടെ അഴിമതികൾ പുറത്തു വന്നുതുടങ്ങിയതിനെ പ്രതിരോധിക്കാനായി നൽകിയ രാഷ്ട്രീയ പ്രേരിത പരാതിയുലാണ് ഈ ഉത്തരവ്. അർഹതയുണ്ടെന്ന് കണ്ടെത്തി ഭരണ സമിതി ഒറ്റക്കെട്ടായി തീരുമാനിച്ച കാര്യത്തിൽ ചില അംഗങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ തന്നെ ഉദ്ദേശം വ്യക്തമാണെന്നും യു.ഡി.എഫ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
