KERALA

തൊഴിലന്വേഷകരെക്കാൾ, തൊഴില്‍ നല്‍കുന്ന യുവസംരംഭകരാണ് ഉണ്ടാകേണ്ടത് : മന്ത്രി വി. അബ്ദുറഹ്‌മാന്‍

‘സമന്വയം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

തൊഴിലന്വേഷകരെക്കാൾ തൊഴില്‍ നല്‍കുന്ന യുവസംരംഭകരെയാണ് നമുക്ക് വേണ്ടതെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽ പദ്ധതിയായ ‘സമന്വയം’ ജില്ലാതല ഉദ്ഘാടനം താനാളൂര്‍ കെ.എം.ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തൊഴിലവസരങ്ങള്‍ യുവാക്കൾ പ്രയോജനപ്പെടുത്തണം. ചെറുകിട സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു എന്നത് തെറ്റായ പ്രചാരണമാണ്. സ്‌കോളര്‍ഷിപ്പ് തുക സർക്കാർ വര്‍ദ്ധിപ്പിക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്യും- മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തിലെ ഒരു ലക്ഷം യുവാക്കളെ നോളേജ് മിഷന്‍ പ്ലാറ്റ്ഫോമായ ഡി.ഡബ്ല്യൂ.എം.എസില്‍ രജിസ്റ്റര്‍ചെയ്ത് തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് സമന്വയം പദ്ധതിയുടെ ലക്ഷ്യം. പ്ലസ് ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് വേണ്ടിയാണ് ‘സമന്വയം’ എന്ന പേരില്‍ പ്രത്യേക തൊഴില്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍ സ്വാഗതം പറഞ്ഞു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. മല്ലിക, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍, തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഖാദര്‍കുട്ടി വിശാരത്ത്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസാഖ് താനാളൂര്‍, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ സതീശന്‍, മദ്രസ ക്ഷേമനിധി ബോര്‍ഡ് അംഗം സാദിഖ് മൗലവി അയിലക്കാട്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രതിനിധികള്‍, നോളജ് എക്കോണമി മിഷന്‍, സമുദായിക സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button