തലവേദനയാകില്ല മാലിന്യം
പൊന്നാനി ഹാര്‍ബറില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം പുരോഗമിക്കുന്നു
പൊന്നാനി ഹാർബറിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച മത്സ്യത്തൊഴിലാളി ഭവനസമുച്ചയത്തിലെ ഖര-–-ദ്രവ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവൃത്തി ആഗസ്‌തോടെ പൂർത്തിയാക്കും. പണി സമയബന്ധിതമായി തീർക്കാൻ നിർമാണ കമ്പനിയായ ഐആർടിസിക്ക് ഫിഷറീസ് വകുപ്പ് നിർദേശം നൽകി. കമ്പനിക്ക് നൽകേണ്ട തുക ഈ മാസം പകുതിയോടെ കൈമാറുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ പറഞ്ഞു. ആദ്യഘട്ടമായി അണ്ടർ ഗ്രൗണ്ട് ടാങ്ക് പൂർത്തിയാക്കും. 1.57 കോടി രൂപ ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മഴക്കാലമായാൽ ടാങ്കുകളിൽനിന്ന് മലിനജലം ഒഴുകുന്നത് ഫ്ലാറ്റുകളിലെ 128 കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ അവസ്ഥക്ക് ശാശ്വത പരിഹാരമായാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. ദ്രവമാലിന്യം പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റും. പുതുതായി നിർമിക്കുന്ന 100 ഫ്ലാറ്റുകൾകൂടി മുന്നിൽകണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ ദ്രവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ടാങ്കാണ് സജ്ജമാക്കുക. നാല് ബ്ലോക്കുകൾക്ക് ഒരു ടാങ്ക് എന്ന നിലയിൽ അഞ്ച് ടാങ്കുകൾ നിർമിക്കും. പദ്ധതി പൂർത്തിയായാൽ ആറുമാസത്തെ അറ്റകുറ്റപ്പണി ഐആർടിസി നേരിട്ട് നടത്തും. പിന്നീടുള്ളതിന്റെ ചെലവ് നഗരസഭ വാർഷിക പദ്ധതിയിൽ വകയിരുത്തും. ഹാർബറിൽ 40 ലക്ഷം ചെലവിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ പദ്ധതിയും നഗരസഭ തയ്യാറാക്കുന്നുണ്ട്. ഒരുക്കും *ബയോഗ്യാസ് പ്ലാന്റും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഭാഗമായി ദിവസം 300 കിലോ മാലിന്യം സംസ്കരിക്കാനുള്ള ബയോഗ്യാസ് പ്ലാന്റ് ഒരുക്കും. ഇതിൽനിന്ന് വാതകം അങ്കണവാടികൾക്കും സമൂഹ അടുക്കളകൾക്കും നൽകും