THRITHALA

തൃത്താലയുടെ കാർഷിക സമൃദ്ധി തിരിച്ചു പിടിച്ചു : മന്ത്രി എം ബി രാജേഷ്

തൃത്താലയിൽ ആധുനിക റൈസ്മിൽ

തൃത്താല മണ്ഡലത്തിൻ്റെ നഷ്ടപ്പെട്ട കാർഷിക സമൃദ്ധിയെ തിരിച്ചു പിടിക്കാൻ സുസ്ഥിര തൃത്താല പദ്ധതിയിലൂടെ സാധിച്ചെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഒരുക്കിയ “സുസ്ഥിര ബ്രാൻഡ്” അരിയുൽപ്പന്നങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃത്താലയുടെ ചരിത്രത്തിലാദ്യമായി ബ്രാൻഡ് ചെയ്ത അരി വിപണിയിലെത്തിയത് പദ്ധതിയുടെ വിജയമാണ്. തൃത്താലയിൽ സ്വന്തമായി ആധുനിക റൈസ്മിൽ നിർമിക്കുകയാണ് അടുത്ത ലക്ഷ്യം. സുസ്ഥിര തൃത്താല പദ്ധതിയെ കൂടുതൽ ജനകീയമാക്കിയാൽ അത്ഭുതകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.മങ്ങാരം മട്ടയുടെ ലോഗോ പ്രകാശനം പരിപാടിയിൽ മന്ത്രി നിർവ്വഹിച്ചു.
ഇതോടൊപ്പം കൃഷിഭവന്റെയും നാഷ്ണൽ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷൻ മിഷൻ്റെ ഭാഗമായി പയറു വർഗ വിളകളുടെ വിത്തുല്പാദനത്തിനും ആരംഭം കുറിച്ചു. പട്ടാമ്പി പ്രാദേശികനെല്ല് ഗവേഷണകേന്ദ്രവുമായി സഹകരിച്ച് 25 ഏക്കറിലാണ് ഉഴുന്ന് വിത്ത് ഉൽപാദനം നടത്തുന്നത്.
മങ്ങാരം പാടശേഖരത്തിൽ കൃഷി ചെയ്ത 2000 കിലോ മങ്ങാരം മട്ടയാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിയത്. മട്ട അരി,പുട്ടുപൊടി,അവിൽ എന്നിവയാണ് സുസ്ഥിര ബ്രാൻഡിലൂടെ വിപണിയിലെത്തുക.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 557 ഹെക്ടർ സ്ഥലത്ത് അധിക നെൽകൃഷി ചെയ്ത് 667 ടൺ നെല്ലാണ് സുസ്ഥിര തൃത്താല പദ്ധതി മുഖേന ഉത്പാദിപ്പിച്ചത്. തരിശ് രഹിത തൃത്താല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മണ്ഡലത്തെ പൂർണമായി തരിശു രഹിത മണ്ഡലമാക്കുന്ന പ്രവർത്തനങ്ങളും സജീവമാണ്.
പരിപാടിയിൽ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിരേഖ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി. കൃഷി അസി. ഡയറക്ടർ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. മായ അശോകൻ , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വിനോദ്, റസിയ അബൂബക്കർ , വാർഡ് മെമ്പർമാരായ അബ്ദു റഹ്മാൻ, കെ കെ ഷമീർ, കൃഷി ഓഫീസർ എം എസ് ശ്രീലക്ഷ്മി,കൃഷി അസി. പി വി വിനോബ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button