തിരൂരിൽ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു, നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം
![](https://edappalnews.com/wp-content/uploads/2023/06/Untitled-design-31-2.jpg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230627-WA0832-min-999x1024.jpg)
തിരൂർ ∙ ഇന്നലെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് 4 പേർക്ക് പരുക്ക്. രാവിലെ ഏഴരയോടെ തിരുനാവായയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി പുറത്തിറങ്ങിയ മാവുംകുന്നത്ത് അനീഷിനാണ് ആദ്യം കടിയേറ്റത്. 11 മണിയോടെ കാരത്തൂരിലും നായയുടെ ആക്രമണമുണ്ടായി. ഇവിടെ വീട്ടമ്മയായ ആയിഷ, സൈതാലി എന്നിവർക്കാണ് കടിയേറ്റത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആയിഷയെ നായ ആക്രമിച്ചത്. കാരത്തൂർ അങ്ങാടിയിൽ വച്ചാണ് സൈതാലിക്കു കടിയേറ്റത്. തുടർന്ന് അൽപ സമയത്തിനു ശേഷം കോലൂപ്പാലം ഭാഗത്ത് വച്ച് അരങ്ങത്ത് മുഹമ്മദ് ബാവയെയും നായ കടിച്ചു. 4 പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനാവായ പഞ്ചായത്തിലും പരിസരങ്ങളിലുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണെന്ന പരാതിയുണ്ട്. രാത്രി ഇരുചക്ര വാഹനങ്ങൾക്കു നേരെ കുരച്ചു ചാടുന്നതും ഇവയുടെ പതിവായിട്ടുണ്ട്.
നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം, 10 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. നന്നമ്പ്ര ദുബായ് പീടിക തിരുനിലം ഭാഗത്താണ് കുറുക്കന്റെ പരാക്രമം ഉണ്ടായത്. തിരുനിലത്ത് വീരഭദ്രന്റെ ഭാര്യ മീനാക്ഷി (65), ഗോപാലന്റെ ഭാര്യ ജാനകി (55), ബാലകൃഷ്ണന്റെ ഭാര്യ ചിന്നമ്മു (68), മധു (35) തിരുനിലത്ത് ഗംഗാധരന്റെ മകൻ അഭിനന്ദ് (10) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെല്ലാം ബന്ധുക്കളും അടുത്തടുത്ത വീട്ടുകാരുമാണ്. വൈകുന്നേരം 5ന് ആണ് സംഭവം. പരുക്കേറ്റവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കുറുക്കനെ നാട്ടുകാർ പിടിച്ചുകെട്ടി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)