KERALASPORTS

അരങ്ങേറ്റത്തിൽ തന്നെ ഇരട്ട ഗോളുമായി ഇവാൻ കലിയുഷ്‌നി;ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം

കൊച്ചി: ഐ.എസ്.എൽ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തു.

അഡ്രിയാൻ ലൂണയുടെയും ഈ സീസണിൽ ടീമിലെത്തിയ യുക്രൈൻ താരം ഇവാൻ കലിയുഷ്നിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്.

ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത് കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു. തുടർച്ചയായി ഈസ്റ്റ് ബംഗാൾ ഗോൾമുഖം ആക്രമിച്ച ബ്ലാസ്റ്റേഴ്സ് 71-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ മുന്നിലെത്തി. ലൂണ ബോക്സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫിൽ നിന്ന് ഹർമൻജോത് ഖബ്ര നൽകിയ ലോങ് പാസാണ് ഗോളിൽ കലാശിച്ചത്. പന്ത് കിടിലൻ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോൾ മരിച്ചുപോയ തന്റെ മകൾക്കാണ് സമർപ്പിച്ചത്.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റിൽ കോച്ച്, ഇവാൻ കലിയുഷ്നിയെ കളത്തിലിറക്കി. 81-ാം മിനിറ്റിൽ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാൻ കോച്ചിന്റെ വിശ്വാസം കാത്തു. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാൻ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ 87-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇവാൻ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ചു.

ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്സിന് പലപ്പോഴും വിലങ്ങുതടിയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ കമൽജിത് രക്ഷപ്പെടുത്തി. 49-ാം മിനിറ്റിൽ അപ്പോസ്തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമൽജിത്ത് രക്ഷപ്പെടുത്തിയിരുന്നു.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ അലസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. ഏഴാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ താരം അലക്സ് ലിമയുടെ ഗോളിലേക്കുള്ള ഗോൾ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭസുഖൻ ഗിൽ രക്ഷപ്പെടുത്തി.

11-ാം മിനിറ്റിൽ ക്യാപ്റ്റൻ ജെസെൽ കാർനെയ്റോ നൽകിയ ക്രോസിൽ നിന്നുള്ള അപ്പോസ്തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാൻ ഗോൺസാലസ് ഫൗൾ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മിൽ മൈതാനത്ത് കൊമ്പുകോർക്കുന്നതിന് കാരണമായി. ഉടൻ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. ഇതിനു പിന്നാലെ രണ്ടാം പകുതിയിലും മൈതാനം ചെറിയ തോതിലുള്ള കയ്യാങ്കളിക്ക് സാക്ഷിയായി. രാഹുൽ കെ.പിയും ഈസ്റ്റ് ബംഗാൾ താരം ജെറിയുമാണ് മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button