താനൂർ ബോട്ടപകടം: പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്
കേരളത്തെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് മലപ്പുറത്തെ താനൂരിലുണ്ടായ ബോട്ടപകടം. അപകടവാർത്തയ്ക്ക് പിന്നാലെ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചു.
കടവിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ബോട്ടിലേക്ക് ആളുകൾ കയറുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ, ബോട്ടിൽ നിരവധി പേർ കയറിയതായും ഇനിയും ആളുകളെ കയറ്റിയാൽ അപകടമയുണ്ടായേക്കുമെന്നും ഒരാൾ വിളിച്ച് പറയുന്നത് കേൾക്കാനാകും. കരയിൽനിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്ന ഭാഗത്തുനിന്നായിട്ടാണിത്.
അപകടയാത്രക്ക് മുൻപേ തന്നെ ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന വാദത്തോടെയാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്. വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ
പ്രചരിക്കുന്ന വീഡിയോ ????
അന്വേഷണം
മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരിധിയിൽ കവിഞ്ഞ് ആൾക്കാരെ കയറ്റുന്നത് അപകടമാണെന്ന മുന്നറിയിപ്പിനിടയിലും രണ്ട് പേർകൂടെ കയറാനുണ്ടെന്ന് ബോട്ടിൽ നിന്നൊരാൾ വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. പ്രചരിക്കുന്ന ദൃശ്യങ്ങളും താനൂരിലെ തൂവൽതീരത്തിന് സമീപം അപകടത്തിൽപ്പെട്ട ബോട്ടിന്റെ ചിത്രങ്ങളും താരതമ്യം ചെയ്തു. അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളയിൽ കടുംനീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഡിസൈനുകളാണ് ഉള്ളത്. പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള ബോട്ടിന്റെ നിറം വെള്ളയാണെങ്കിലും ബോഡിയിൽ നൽകിയിരിക്കുന്ന ഡിസൈനിന്റെ നിറം ഇളംനീലയാണ്.
പ്രചരിക്കുന്ന വീഡിയോയിലെ ബോട്ട് ( ഇടത്) അറ്റ്‌ലാന്റിക്ക് അപകടത്തിന് മുൻപ് (വലത്)
അതുമാത്രമല്ല തകർന്ന ബോട്ടിന്റെ മുൻവശത്ത് ചുവന്ന അക്ഷരത്തിൽ അറ്റ്‌ലാന്റിക്ക് എന്ന് ഇംഗ്ലീഷിൽ വളരെ വലുതായി എഴുതിയിട്ടുമുണ്ട്. പക്ഷെ, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ബോട്ടിൽ ‘കടവ് ബോട്ട്’ എന്നാണ് എഴുതിയിരിക്കുന്നത്.
പ്രചരിക്കുന്ന വിഡിയോയിലുള്ള ബോട്ടിലെ എഴുത്ത്
അറ്റ്‌ലാന്റിക്കിനെ അപേക്ഷിച്ച് തീരെ ചെറിയ അക്ഷരങ്ങളിലാണ് ഇത് എഴുതിയിട്ടുമുള്ളത്. മാത്രമല്ല, വീഡിയോയിലെ ബോട്ടിന്റെ മുകളിൽ ഒരു മേൽക്കൂരയുണ്ട്. പക്ഷെ അറ്റ്‌ലാന്റിക്കിനു അത്തരത്തിൽ മേൽക്കൂരയില്ല. അങ്ങനെ പ്രചരിക്കുന്നത് അപകടത്തിൽപ്പെട്ട ബോട്ടിന്റെ ദൃശ്യങ്ങളല്ല എന്ന് ഉറപ്പിച്ചു.
അപകടശേഷമുള്ള അറ്റ്‌ലാന്റിക്കിന്റെ ചിത്രങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി മാതൃഭൂമി ലേഖകരുമായും പ്രദേശവാസികളുമായും ബന്ധപ്പെട്ടു. പ്രചരിക്കുന്ന ദൃശ്യങ്ങൾ താനൂരിൽ നിന്നുള്ളതല്ല എന്ന് അവർ സ്ഥിരീകരിച്ചു. പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ള വീഡിയോയാണിതെന്ന് പ്രദേശവാസികളും പ്രാദേശിക ലേഖകനും അറിയിച്ചു. പുറത്തൂരിൽനിന്നു പൊന്നാനിയിലേക്ക് ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ് ഈ ദൃശ്യങ്ങളെന്നും അവർ വ്യക്തമാക്കി.
വാസ്തവം
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ താനൂരിൽ നിന്നുള്ളതല്ല മറിച്ച്, പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ളതാണ്. ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ് ദൃശ്യങ്ങൾ.