താനൂർ ഓട്ടിസം പാർക്ക് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണത്തിനായി 200 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. താനൂർ ശോഭ ജിഎൽപി സ്കൂൾ കെട്ടിട ഉദ്ഘാടനവും ഓട്ടിസം പാർക്ക് ശിലാസ്ഥാപനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കായിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഹെൽത്തി കിഡ്സ്’ പദ്ധതിയുടെ ഒരു കേന്ദ്രം താനൂർ ശോഭ ജിഎൽപി സ്കൂളാണെന്ന് മന്ത്രി പറഞ്ഞു. താനൂരിന്റെ സാംസ്കാരിക ഭൂപടത്തിൽ ഏറെ പ്രാധാന്യമുള്ള സ്കൂളാണ് ശോഭ ജിഎൽപി സ്കൂളെന്നും ആ സാംസ്കാരിക തനിമ നിലനിർത്തിയുള്ള വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ റഷീദ് മോര്യ അധ്യക്ഷനായി. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, സ്ഥിരംസമിതി അധ്യക്ഷരായ പി പി മുസ്തഫ, നാസിറ സിദ്ദീഖ്, കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, ബിപിസി കെ കുഞ്ഞികൃഷ്ണൻ, പി അജയ്കുമാർ, ഒ കെ ബേബിശങ്കർ, ഡോ.ഹനീഫ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എ റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് സുനീർബാബു നന്ദിയും പറഞ്ഞു.
