പുകയുന്ന പാറയുടെ കഥപറഞ്ഞ് ഹൊഗനക്കൽ
എടപ്പാൾ: കാവേരി തീരത്തെ പുകയുന്ന പാറയായ ഹൊഗനക്കലിനെക്കുറിച്ച് അന്തരിച്ച പ്രശസ്‌ത എഴുത്തുകാരൻ ടി.പി. രാജീവൻ എഴുതിയ കവിതയുടെ ദൃശ്യാവിഷ്‌കാരം ആസ്വാദകർക്ക് ഹൃദ്യമായ വിരുന്നായി.
ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി നാടക് പൊന്നാനിയും പൊറൂക്കര യാസ്‌പൊയും ചേർന്നൊരുക്കിയ നാടകാവതരണമാണ് നാടകപ്രേമികൾക്ക് പുതിയ കാഴ്‌ചയേകിയത്. കാവേരി താഴേക്കുവരുമ്പോൾ പുകപോലെ വെള്ളംപൊങ്ങുന്ന മനോഹരമായ കാഴ്‌ച കണ്ടാണ് രാജീവൻ ഇതെഴുതിയത്.
പുകയുന്ന പാറ എന്ന അർഥംവരുന്ന കവിതയിൽ സ്ത്രീയുടെയും സ്‌നേഹത്തിന്റെയും സാന്നിധ്യമായാണ് വെള്ളത്തെ ആവിഷ്‌കരിച്ചിട്ടുള്ളത്. കുട്ടികളുമായി അവധിയാഘോഷിക്കാൻ അമ്മയുടെ വീട്ടിലേക്കു പോകുന്നതായാണ് വേനലിലെ പുഴകളിലെ വരൾച്ചയെ കവി കാണുന്നത്.
ജലത്തിന്റെയും സ്‌നേഹത്തിന്റെയും സ്ത്രീയുടെയും ഏറെ ബിംബങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച കവിതയുടെ നാടകാവിഷ്‌കാരമാണ് പൊറൂക്കരയിൽ നടന്നത്. ആറങ്ങോട്ടുകര കലാപാഠശാലയിലെ സി.എം. നാരായണനും കെ.വി. ശ്രീജയുമാണ് കവിതയ്ക്ക് ഇത്തരമൊരാശയവും ആവിഷ്‌കാരവുമൊരുക്കിയത്.