THAVANUR

തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലയിൽ തവനൂർ കൂരടയിൽ ജയിൽ വകുപ്പിന് കീഴിലുള്ള 8.62 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായി നിർമാണം പൂർത്തീകരിച്ച തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെൻട്രൽ ജയിലിന്റെ നിർമാണം പൂർത്തിയാക്കിയത്.സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിർമാണം തുടങ്ങിയെങ്കിലും പിന്നീട് സെൻട്രൽ ജയിലാക്കി ഉയർത്തുകയായിരുന്നു. ജയിലിൻറെ നിർമാണ പ്രവൃത്തികൾ 95 ശതമാനവും പൂർത്തീകരിച്ചു. 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിൻറെ പെയിൻറിങ് ജോലികളും കവാടത്തിൻറെ നിർമാണവും പുരോഗമിക്കുകയാണ്.നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിൽ നാടിന് സമർപ്പിക്കും.

രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ആദ്യ ജയിലാണ് തവനൂർ സെൻട്രൽ ജയിൽ നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ്.

ജയിൽ സമുച്ചയത്തിലേക്ക് ആവശ്യമായ ശുദ്ധജലമെത്തിക്കാൻ ഭാരതപുഴയോരത്ത് ജലവകുപ്പിൻറെ നേതൃത്വത്തിൽ പ്രത്യേകം കിണർ നിർമാണവും ആരംഭിച്ചു. ഇത് പൂർത്തിയായാൽ പൈപ് ലൈൻ സ്ഥാപിച്ച് ജയിലിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമം ആരംഭിക്കും.ഇതോടൊപ്പം ജലശുദ്ധീകരണ പ്ലാൻറും സ്ഥാപിക്കും. അതുവരെ ജയിലിലെ കുടിവെള്ള പ്രശ്നത്തിന് ജല അഥോറിറ്റിയുടെ നിലവിലുള്ള കണക്ഷനെയാണ് ആശ്രയിക്കുക. സി.സി.ടി.വി, വീഡിയോ കോൺഫറൻസ് സംവിധാനത്തിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള എന്നിവയും ജയിലിൽ സജ്ജീകരിക്കും.

ജയിലിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു തുടങ്ങി. ജയിലിലേക്കുള്ള വൈദ്യുതി കണക്ഷൻ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. സെൻട്രൽ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനത്തിനുള്ള അംഗീകാരവും സർക്കാരിൽ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ട്.

അതോടൊപ്പം ജയിൽ അന്തേവാസികളുടെ തൊഴിൽ അഭ്യസനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്നും ജയിൽ വകുപ്പ് അറിയിച്ചു. ഇതുവഴി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാലും സ്വന്തമായൊരു തൊഴിൽ കണ്ടെത്തി ജീവിക്കാനും അതുവഴി സമൂഹത്തിലേക്ക് തിരിച്ചെത്താനും ഇവർക്ക് സഹായകരമാക്കും

ആറ് മാസം മുതൽ വധ ശിക്ഷവരെയുള്ള തടവിന് വിധിക്കപ്പെട്ട കുറ്റവാളികളെയാണ് സെൻട്രൽ ജയിലിൽ തടവിലിടുക. ഒറ്റ മുറിയിൽ 17 പേർക്ക് വരെ ഒരുമിച്ച് താമസിക്കാൻ പറ്റുന്ന 30 ബ്ലോക്കുകളാണ് തവനൂർ സെൻട്രൽ ജയിലുള്ളത്. ഓരോ ബ്ലോക്കിലും ഒരു ശുചിമുറിയും ഒരു വാഷ്ബേസിനും ഉണ്ട്.

510 തടവുകാരെ വരെ ഇത്തരം ബ്ലോക്കുകളിൽ പാർപ്പിക്കാൻ കഴിയും. മറ്റ് ജയിൽ മുറികൾ താരതമ്യേന ചെറുതാണ്. ഇത്തരം തടവ് മുറികളിലെ കുറ്റവാളികളുടെ എണ്ണം കുറവായിരിക്കും. വധ ശിക്ഷ വിധിക്കപ്പെടുന്ന കുറ്റവാളികൾകളെ താമസിപ്പിക്കാൻ പ്രത്യേകം സെല്ലുകളുണ്ട്.

നേരത്തെ ഒരു സെല്ലിൽ ഒരു കുറ്റവാളിയെന്നായിരുന്നു കണക്കെങ്കിൽ ഇപ്പോൾ ഒരു സെല്ലിൽ മൂന്ന് കുറ്റവാളികളെ വരെ പാർപ്പിക്കാറുണ്ട്. ഓരോ നിലകളിലും ഏഴ് ശുചിമുറികളും ഏഴ് കുളിമുറികളും തവനൂരിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്

ആദ്യഘട്ടത്തിൽ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ തടവ് അനുഭവിക്കുന്ന 200 തടവുകാരെ തവനൂരിലേക്ക് മാറ്റുമെന്ന് ജയിൽ സൂപ്രണ്ട് ഇൻ ചാർജ് കെ വി ബൈജു പറഞ്ഞു.

പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നും ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഉദ്ദേശിച്ചാണ് തവനൂരിലെ സെൻട്രൽ ജയിൽ നിർമ്മാണം. മറ്റ് ജയിലുകളിലേത് പോലെ തവനൂരും ജയിൽ അന്തേവാസികളാകും ഭക്ഷണം തയ്യാറാക്കുക

സംസ്ഥാനത്തെ സെൻട്രൽ ജയിലിലും മറ്റ് സബ് ജയിലുകളിലും തടവുകാരുടെ ബഹുല്യമാണെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തവനൂർ സെൻട്രൽ ജയിലിൻറെ ഉദ്ഘാടനം കഴിയുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.

റിമാൻഡ് വിചാരണത്തടവുകാരെ കൂടാതെ 6 മാസം വരെ തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തികളെ തടവിലാക്കാനാണ് ജില്ലാ ജയിലുകൾ ഉദ്ദേശിക്കുന്നത്.തിരുവനന്തപുരം (പൂജപ്പുര), കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി (മുട്ടം), എറണാകുളം, തൃശൂർ (വിയ്യൂർ), പാലക്കാട് (മലമ്പുഴ), കോഴിക്കോട്, കണ്ണൂർ, വയനാട് (മാനന്തവാടി) എന്നിവിടങ്ങളിൽ 13 ജില്ലാ ജയിലുകളാണ് നിലവിൽ ജയിൽ വകുപ്പിന് കീഴിലുള്ളത്.

നിലവിൽ കേരളത്തിലെ ജയിലുകളിൽ 8239 പുരുഷന്മാരും 174 സ്ത്രീകളും ഒരു ട്രാൻസ്ജൻറുമടക്കം മൊത്തം 8414 കുറ്റവാളികളുണ്ടെന്ന് ജയിൽ വകുപ്പിൻറെ വെബ്സൈറ്റിൽ പറയുന്നു. മിനിമം സുരക്ഷയുള്ള മതിലുകളില്ലാത്ത ജയിലുകളാണ് ഓപ്പൺ പ്രിസൺ & കറക്ഷണൽ ഹോമുകൾ സ്വയം അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും ഉള്ളവരായി കാണപ്പെടുന്ന നല്ല പെരുമാറ്റമുള്ള ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനത്തിനായി തെരഞ്ഞെടുക്കുന്നത്. പുരുഷ തടവുകാർക്കായി തിരുവനന്തപുരം നെട്ടുകാൽത്തേരിയിലും കാസർകോട് ചീമേനിയിലുമായി രണ്ട് ഓപ്പൺ പ്രിസൺ ആൻറ് കറക്ഷണൽ ഹോമുകളും വനിതാ തടവുകാർക്കായി തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലാണ് ഏക ഓപ്പൺ പ്രിസൺ ആൻറ് കറക്ഷണൽ ഹോമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button