ഡല്‍ഹിയിൽ വൻ തീപിടുത്തം: രണ്ടുകുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിൽ വൻ തീപിടുത്തം. രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
3നും 4നും ഇടയിൽ പ്രായമുള്ള രണ്ടു കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കുടിലുകളിലേക്ക് അതിവേഗം തീ പടരുകയായിരുന്നെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. താല്കാലിക വീടുകളിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചത് തീ കൂടുതൽ പടർത്തിയിരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ തീ ഭൂരിഭാഗവും അണച്ചതായാണ് വിവരം. പ്രദേശത്തെ കുടിലുകളും മരങ്ങളും കത്തി നശിച്ചതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
