ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ; പദ്ധതിയുമായി പരുതൂർ ഗ്രാമപഞ്ചായത്ത്


പരുതൂർ പഞ്ചായത്തിലെ മുഴുവൻ ഡയാലിസിസ് രോഗികൾക്കും പ്രതിമാസം 4000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതി. ശ്രുതികിരണവും കാരുണ്യ പദ്ധതിയും നടപ്പിലാക്കിയ ഉമ്മൻ ചാണ്ടിക്ക് നൽകാവുന്ന ആദരവായി ഭരണസമിതി ഇതിനെ കാണുന്നുവെന്ന് പരുതൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ പറഞ്ഞു. പദ്ധതിക്കായി പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 12.80 ലക്ഷം രൂപ നീക്കിവെച്ചു. 26 രോഗികൾക്കാണ് ഇനിമുതൽ മാസാന്തം 4000 രൂപ വീതം ലഭിക്കുക. ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികൾക്കും പാലിയേറ്റീവ് രോഗികൾക്കും പഞ്ചായത്ത് നിലവിൽ സൗജന്യ മരുന്ന് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ആണ് ഡയാലിസിസ് രോഗികൾക്ക് ഉള്ള ധനസഹായം. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ‘കനിവ് ‘ എന്ന പേരിൽ ഈ പദ്ധതി പ്രഖ്യാപിച്ചത്. പ്രസ്തുത പദ്ധതി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് വളരെ ആശ്വാസകരമായി മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎം സക്കറിയ പറഞ്ഞു.













