ജസീം പൊന്നാനിയുടെ ക്രിക്കറ്റ് വിജയങ്ങൾ

പൊന്നാനി: എം.എസ്. ധോനിയുടെ ഹെലികോപ്ടർ ഷോട്ട് ഇഷ്ടപ്പെടാത്ത ക്രിക്കറ്റ് പ്രേമികൾ കുറവായിരിക്കും. ലോക ക്രിക്കറ്റിലേക്ക് ധോനി എത്തുംവരെ ഈ ഷോട്ട് അപരിചിതമായിരുന്നു. യോർക്കർ ബോളുകൾ പോലും സിക്സർ പറത്തുന്ന ഈ ഷോട്ട് ഒന്നാന്തരമായി കളിക്കുന്ന ഒരാളുണ്ട് കേരളത്തിൽ. കേരള ടെന്നീസ് ക്രിക്കറ്റ് ടീം നായകൻ ജസീം പൊന്നാനി. ദുബൈയിൽ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിെൻറ നായകത്വത്തിലാണ് ഈ വർഷം കേരളം ആദ്യമായി ടെന്നീസ് ബാൾ ക്രിക്കറ്റിൽ ചാമ്പ്യൻമാരായത്. യൂ ട്യൂബിൽ ജസീം പൊന്നാനി എന്ന് തിരഞ്ഞാൽ കാണാം അദ്ദേത്തിെൻറ വെടിക്കെട്ട് ബാറ്റിങ്. കേരളത്തിലെയും ഗൾഫിലെയും ക്രിക്കറ്റ് മൈതാനങ്ങളിൽ സുപരിചിതമാണ് ഈ പേര്.
2020 സീസണിൽ സെലക്ഷൻ ട്രയൽ വഴിയാണ് കേരള ടീമിലെത്തിയത്. കഴിഞ്ഞ സീസണിൽ മലപ്പുറം പ്രീമിയർ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുത്തതോടെ ഇക്കുറി ടീമിലേക്ക് നേരിട്ട് എത്തുകയായിരുന്നു. ഈ വർഷത്തെ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യൻമാരായപ്പോൾ വൈസ് ക്യാപ്റ്റനായിരുന്നു. ഉത്തർ പ്രദേശിൽ ദേശീയ ചാമ്പ്യൻഷിപ്പെത്തിയപ്പോൾ നായക പദവി കൈവന്നു. 28 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിെൻറ ഫൈനലിൽ രാജസ്ഥാനെ പത്ത് വിക്കറ്റിന് തോൽപിച്ചാണ് കേരളം ചരിത്രം കുറിച്ചത്. യു.എസ്.എയിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മുൻപ് ഇന്ത്യൻ നായകൻ അൻകൂർ സിങിെൻറ ഒരോവറിൽ 34 റൺസ് അടിച്ചിട്ടുണ്ട്.
2017ൽ ഡീപ് സീ ഫുഡ് കമ്പനിക്ക് വേണ്ടി കളിക്കാനാണ് ദുബൈയിൽ എത്തിയത്. 2017ൽ യു.എ.ഇയിലെ ഏറ്റവും വലിയ ടൂർണമെൻറുകളിലൊന്നായ അജ്മാൻ പ്രീമിയർ ലീഗിൽ പ്ലയർ ഓഫ് ദ ടൂർണമെൻറായിരുന്നു. അറബ് എമിറേറ്റ്സ് പ്രീമിയർ ലീഗിലും മികച്ച താരമായി. ദുബൈ സ്റ്റേഡിയത്തിൽ ക്ലബ്ബ് മത്സരത്തിൽ 94 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടെന്നിസ് ബാളിൽ മാത്രമല്ല, സ്റ്റിച്ച് ബാളിലും താരമാണ് ജസീം. രണ്ട് ക്രിക്കറ്റും തമ്മിൽ അടിമുടി വ്യത്യാസമുണ്ടെങ്കിലും താൻ ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഡിസംബറിൽ അടുത്ത ടൂർണമെൻറിനായി നാട്ടിലേക്ക് പോകും. ചത്തീസ്ഗഡിലെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കണം. പൊന്നാനി സ്വദേശി റഫീഖ് ത്രീ സ്റ്റാറിെൻറയും നൂർജഹാെൻറയും മകനാണ്. ഭാര്യ സജ്നക്കും മകൻ എസിൻ സഹാനുമൊപ്പം ദുബൈയിലാണ് താമസം.
