KERALA

ജോജു ജോർജ്- കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്; പ്രശ്‌നം പരിഹരിക്കാൻ നേതാക്കൾ ചർച്ച നടത്തി.

നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിന്‍റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇതിനിടെ വൈറ്റിലയിൽ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.

അതേസമയം ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിൽ ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button