ജലജീവൻ പദ്ധതിക്ക് പൈപ്പിടാൻ
പൊളിച്ച റോഡുകൾ നന്നാക്കിയില്ല; പ്രതിഷേധമുയരുന്നു
എടപ്പാൾ: വട്ടംകുളം ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ പദ്ധതി പ്രകാരം പൈപ്പിടാൻ പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരേ പ്രതിഷേധമുയരുന്നു.
റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിൽ രാഷ്ട്രീയപക്ഷപാതിത്വമാരോപിച്ച് സി.പി.ഐ. രംഗത്തെത്തി.
പഞ്ചായത്തിലെ ശുകപുരം വാർഡിൽ പൊളിച്ചിട്ട റോഡുകൾ നന്നാക്കാൻ വിമുഖത കാണിക്കുമ്പോൾ യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിൽ ജോലികൾ കൃത്യമായി നടക്കുന്നുണ്ടെന്നും സി.പി.ഐ. യോഗം ആരോപിച്ചു.
എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡിലെ കോൺക്രീറ്റ് ചെയ്യാനുള്ള ഭാഗങ്ങളുടെ പണി പൂർത്തിയായിട്ടില്ല. നിർമാണത്തിലെ അപാകം പരിഹരിക്കാനുള്ള നടപടികളെടുക്കുമെന്നറിയിച്ചിട്ടും രാഷ്ട്രീയ ആരോപണങ്ങളുമായി നടക്കുന്നവരെ ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
എടപ്പാൾ-പട്ടാമ്പി റോഡിൽ സഫാരി മൈതാനത്തുനിന്നാരംഭിച്ച് വിവ പാലസ് വരെ നീളുന്ന ഇവിടെയുള്ള ഉൾറോഡുകളും എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സതീശൻ പള്ളിയാലിൽ തൊടി അധ്യക്ഷനായി.
എം.പി. നവാസ്, ഗ്രാമപ്പഞ്ചായത്തംഗം സുഹൈല എന്നിവർ പ്രസംഗിച്ചു.