ചെര്‍പ്പുളശ്ശേരിയില്‍ മിന്നല്‍ചുഴലി; മരങ്ങള്‍ കടപുഴകി, 15-ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു


പാലക്കാട്: ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് 15-ഓളം വീടുകൾ ഭാഗികമായി തകർന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ചളവറ മേഖലയിൽ ചുഴലിക്കാറ്റടിച്ചത്.ചളവറ പാലാട്ടുപടിയിലാണ് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തേക്ക് മരങ്ങൾ വീണ് രണ്ടുവീടുകളും ഭാഗികമായി തകർന്നു. രണ്ട് ഓട്ടോറിക്ഷകളും പഞ്ചായത്ത് അംഗത്തിന്റെ സ്കൂട്ടറും ഉൾപ്പെടെ മൂന്നുവാഹനങ്ങളും മരം വീണ് തകർന്നു.
മിന്നൽചുഴലിയിൽ ചളവറ കുബേര ക്ഷേത്രത്തിനും നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിന് മുകളിലേക്ക് മരം വീണു. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി. മിന്നൽ ചുഴലിയിൽ മരം വീണ് 20-ലേറെ വൈദ്യുതിത്തൂണുകളും ഒടിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമുതൽ പ്രദേശത്തെ വൈദ്യുതിവിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മരങ്ങൾ വീണുകിടക്കുന്നതിനാൽ ഗതാഗതവും മുടങ്ങി.
