ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
മലപ്പുറം ജില്ലയിൽ നാലുദിവസമായി കനത്ത മഴ തുടരുന്നു. കാറ്റിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ബുധനാഴ്‌ച രാവിലെ കുറച്ചുനേരം മഴ മാറിനിന്നെങ്കിലും പകൽ രണ്ടോടെ വീണ്ടും ശക്തിപ്രാപിച്ചു. ശക്തമായ കാറ്റിൽ മലപ്പുറം സിവിൽ സ്‌റ്റേഷനിലെ ജില്ലാ പ്ലാനിങ് സമുച്ചയത്തിന് സമീപത്ത് വൻമരം കടപുഴകി വീണു. ഗേറ്റിനും സംരക്ഷണഭിത്തിക്കും കേടുപാടുകൾ പറ്റി. മലപ്പുറം അഗ്നിരക്ഷാസേന എത്തി മരം വെട്ടി. മഴയിൽ ഏറനാട് താലൂക്കിൽ വ്യാപക നാശനഷ്ടമുണ്ടായി.
ദേശീയ സംസ്ഥാന പാതകളിൽ വിവിധയിടങ്ങളിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു. മലയോരത്ത് തെങ്ങുകളും കവുങ്ങും റബർ മരങ്ങളും നിലംപൊത്തി. ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചു. തേഞ്ഞിപ്പലം മൈലാഞ്ചി വളവിലെ കോന്നംകുഴി അയ്യപ്പന്റെ വീടിന്റെ ഒന്നാംനില മരംവീണ് തകർന്നു. പാണ്ടിക്കാട് ഒറുവംപുറത്ത് ഓടികൊണ്ടിരിക്കുന്ന ലോറിക്ക് മുകളിൽ മരംവീണു. മഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശം റോഡിനോട് ചേർന്ന് പാർക്ക്ചെയ്‌ത കാറിനുമുകളിൽ മരംവീണു.
കാറ്റിലും മഴയിലും പുറത്തൂരിലും സമീപ പഞ്ചായത്തുകളിലുമായി മരംവീണ് പത്തിലേറെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മൂന്ന് ദിവസങ്ങളിലായി കാവിലക്കാട് കെഎസ്ഇബി സെക്‌ഷൻ പരിധിയിൽ 30 വൈദ്യുതിത്തൂണുകളാണ് മുറിഞ്ഞുപോയത്.
മുട്ടനൂർ കദളിക്കാട്ടിൽ ഗംഗാധരൻ വീടിന്റെ മുകളിലേക്ക് മരംവീണ് ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
ചമ്രവട്ടം പള്ളീലവളപ്പിൽ ക്ഷേത്രമുറ്റത്തെ ആൽമരം കഴിഞ്ഞദിവസം രാത്രിയിൽ കടപുഴകിവീണു. ക്ഷേത്രത്തിനോ അനുബന്ധ സ്ഥലങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മരം കടപുഴകി വീണ് മുട്ടനൂർ മരക്കവളപ്പിൽ ജാനകിയുടെ വീടിന്റെ മേൽക്കൂര തകർന്നു. പടിഞ്ഞാറെക്കര മുന്നങ്ങാടിയിൽ മരക്കൊമ്പുകൾ വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വലിയകത്ത് ജാഫറിന്റെ വീടിന് മുകളിൽ തെങ്ങുവീണ് മേൽക്കൂര പൂർണമായും തകർന്നു. വീട് പൂർണമായും വാസയോഗ്യമല്ലാതായി. കാവിലക്കാട്-ചമ്രവട്ടം റോഡിൽ തേക്കുമരം വൈദ്യുതിലൈനിലേക്ക് വീണു രണ്ടുദിവസം വൈദ്യുതി നിലച്ചു.
അരിക്കാഞ്ചിറയിൽ വീടിനു മുകളിൽ മരം വീണ് വീട്ടിലുണ്ടായിരുന്ന യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെങ്ങിൽ മൊയ്തുവിന്റെ മകൾ സമീനക്കാണ് (35) പരിക്ക്.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വീട് ഭാഗികമായി തകർന്നു. മരങ്ങൾ വീണ് പാലപ്പറമ്പത്ത് ബൈജു, സഹീർ, അക്കരവളപ്പിൽ ഹംസകുട്ടി എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ പറ്റി.
മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.
പോത്തനൂരിൽ അഞ്ചു വീടുകൾ മരംവീണ് തകർന്നു. കൃഷിത്തോട്ടങ്ങളിലും കാറ്റ് നാശനഷ്മുണ്ടാക്കി. വാഴകളും കവുങ്ങുകളും നിലംപൊത്തി. എടപ്പാളിലും പരിസരപ്രദേശങ്ങളിലും ആഞ്ഞടിച്ച ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി.
വീട്ടുവളപ്പിലുണ്ടായിരുന്ന നിരവധി മരങ്ങൾ കടപുഴകി. കൃഷിയിലും വ്യാപക നഷ്ടമുണ്ടായി. ചെറുതും വലുതുമായ 35-ഓളം വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. 150 ഇടങ്ങളിലാണ് വൈദ്യുതിക്കമ്പികൾ പൊട്ടിയത്. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാക്കി. ഉണ്യാൽ, പറവണ്ണ, വാക്കാട് തീരപ്രദേശങ്ങളിൽ ചെളിനിറഞ്ഞ തിരമാലകൾ കരയിലേക്ക് വീശുന്നുണ്ട്.
ചാലിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ ഇതിന്റെ തീരത്തുള്ള ഹെക്ടർകണക്കിനു കൃഷിയും വെള്ളത്തിനടിയിലാണ്.
മലപ്പുറം വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി. അഞ്ച് കുടുംബങ്ങളിൽനിന്നായി 12 പേരാണ് മലപ്പുറം ടൗൺ ഹാളിലെ ക്യാമ്പിലുള്ളത്. തകർന്ന ദേശീയപാതക്കു ബദലായി ഉപയോഗിച്ചിരുന്ന കൂരിയാട് -പനമ്പുഴ റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ സമീപത്തെ തേക്ക് കടപുഴകി വീണു.
ബിയ്യം റഗുലേറ്ററിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് 11 ന് തുറക്കും.
പൊന്നാനി:
അതിശക്തമായ മഴയെ തുടർന്ന് ബിയ്യം റഗുലേറ്ററിൻ്റെ തുറന്ന വിയറുകളുടെ ലെവലിൽ വെള്ളം എത്തിയതിനാൽ റഗുലേറ്ററിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് (29/05/2025) രാവിലെ 11 ന് തുറക്കും.
ബിയ്യം റഗുലേറ്ററിന് താഴ്ഭാഗത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്ന് പൊന്നാനി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.