ചങ്ങാതിക്കൂട്ടം സ്നേഹച്ചിറക് വിരിച്ചു; അവർ വിമാനത്തിൽ പറന്നു

കൊണ്ടോട്ടി : കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- ‘എത്ര മനോഹരമായ ആശയം, പക്ഷേ ഇതെല്ലാം നടക്കുമോ’? സംശയമുണ്ടെങ്കിൽ കൊണ്ടോട്ടിക്കടുത്ത് വിളയിൽ ഗ്രാമത്തിലേക്ക് വരിക. അവിടെ ചങ്ങാതിക്കൂട്ടം എന്നൊരു കൂട്ടായ്മയുണ്ട്. നാലുമാസം മുൻപ് ഊട്ടിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച ഇവർ കഴിഞ്ഞദിവസം നാട്ടുകാരുമായി കരിപ്പൂരിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് പറന്നു-ഒരു രൂപപോലും വാങ്ങാതെ.
സർവീസിൽനിന്ന് വിരമിച്ചവരും മധ്യവയസ്കരുമെല്ലാം ഉൾപെട്ട 12 പേർചേർന്ന് ഒരു വർഷം മുൻപാണ് ചങ്ങാതിക്കൂട്ടം രൂപവത്കരിച്ചത്. എല്ലാമാസവും നിശ്ചിത സംഖ്യ വരിസംഖ്യയായി പിരിക്കും. ഈ പണം ഉപയോഗിച്ചാണ് നാല് മാസം മുൻപ് നാട്ടിലെ പാവപ്പെട്ട വയോജനങ്ങൾക്കായി ഊട്ടിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. അടുത്തത് എന്ത് എന്ന ചർച്ച വിമാനത്തിൽ കയറാത്ത നാട്ടുകാരിലെത്തി. അവർക്കുവേണ്ടി യാത്ര നടത്തുകയാണെങ്കിൽ ഒരാളുടെ ചെലവ് വഹിക്കാമെന്ന് അധ്യാപകനായ മുരളി പറഞ്ഞതോടെ തീരുമാനവുമായി.
ഒരിക്കൽപ്പോലും വിമാനത്തിൽ കയറാത്ത, 30 പേരെ കണ്ടെത്തിയിരുന്നെങ്കിലും 28 പേരാണ് യാത്ര പുറപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭർത്താവ് മരിച്ചവർക്കുമെല്ലാം മുൻഗണന നൽകിയാണ് ആളുകളെ തിരഞ്ഞെടുത്തത്. 96 കാരിയായ ദേവകി അന്തർജനമാണ് സംഘത്തിലെ പ്രായംകൂടിയ ആൾ. പ്രായംകുറഞ്ഞ ആളാവട്ടെ, 55 കാരനായ അയ്യപ്പനും.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ സംഘത്തിന് ആലുവ കടുങ്ങല്ലൂരിലെ നദീതീരം റിസോർട്ടിൽ ഗംഭീര സ്വീകരണം ലഭിച്ചു.
ചങ്ങാതിക്കൂട്ടത്തിലെ അംഗമായ രഞ്ജിത്തിന്റെ സുഹൃത്ത് റിജുവും ഭാര്യ സിന്ധുവുമാണ് സ്വീകരണം ഒരുക്കിയത്. സെയ്ദ് മുഹമ്മദ് ഫൈസിയുടെ ഉഗ്രൻ പ്രചോദക ക്ലാസും അവിടെ സംഘത്തിന് ലഭിച്ചു.വാട്ടർമെട്രോയും മറൈൻ ഡ്രൈവുമെല്ലാം യാത്രയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സമയക്കുറവ് മൂലം ഒഴിവാക്കി. മെട്രോ ട്രെയിനിൽ കയറിയും ലുലുമാൾ സന്ദർശിച്ചും യാത്ര ആസ്വദിച്ചു.
പുരുഷോത്തമൻ എടക്കാട്ട്, ഗംഗാധരൻ വടക്കീട്ടിൽ, കുട്ടൻ വടക്കീട്ടിൽ, രഞ്ജിത്ത് തിരുവാചോല, ജയൻ കൊളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് സഫലം എന്ന പേരിൽ യാത്ര പോയത്.
തിരിച്ചുള്ള തീവണ്ടിയാത്രയിലും ഒരു സന്തോഷം സംഘത്തെ കാത്തിരുന്നു. ഇവരുടെ യാത്രയറിഞ്ഞ് സനീഷ് എന്നൊരാൾ കാച്ചിലും പഴുത്ത ചക്കയും ഞാലിപ്പൂവൻ പഴവും ബ്രഡുമെല്ലാമായി റിസോർട്ടിൽ വന്നിരുന്നെങ്കിലും ഇവർ പോയിരുന്നു. പിന്നീട് ആലുവ റെയിൽവേസ്റ്റേഷനിൽ സനീഷ് എത്തി സാധനങ്ങൾ സംഘത്തിന് കൈമാറി -സ്നേഹത്തിൽ കുരുത്ത യാത്രയ്ക്ക് മധുരകരമായൊരു ശുഭ പര്യവസാനം.
