ചങ്ങരംകുളത്ത് റംബുട്ടാൻ തോട്ടം ഒരുക്കി വെളുത്തേടത്ത് പറമ്പിൽ അലി
ചങ്ങരംകുളം: തോട്ടം നിറയെ റംബുട്ടാൻ വിളയിച്ച് ചങ്ങരംകുളം സ്വദേശി ശ്രദ്ധയാകർഷിക്കുന്നു. ചങ്ങരംകുളം ആലംകോട് സ്വദേശിയായ വെളുത്തേടത്ത് പറമ്പിൽ അലിയാണ് തന്റെ വീട്ടുവളപ്പിൽ റംബുട്ടാൻ തോട്ടം ഒരുക്കിയത്. മൂന്ന് വർഷം മുമ്പ് മണ്ണുത്തിയിൽ നിന്ന് എത്തിച്ച 30 തൈകളാണ് അലി തന്റെ വീടിനോട് ചേർന്ന വീട്ടുവളപ്പിൽ വെച്ച് പിടിപ്പിച്ചത്. തുടർച്ചയായി ആവശ്യമായ പരിചരണങ്ങൾ നൽകുകയും ചെയ്തു. ഈ വർഷമാണ് 25 ഓളം തൈകളിൽ റംബുട്ടാൻ വിളഞ്ഞത്. റംബുട്ടാന് നല്ല വെയിൽ ആവശ്യമായതിനാൽ തുടർച്ചയായി പെയ്ത മഴ വിളവെടുപ്പിനെ ബാധിച്ചതായും അലി പറയുന്നു. പരിചരണത്തിന്റെ കുറവും പരിചയക്കുറവും വിളവെടുപ്പിനെ ബാധിച്ചതായും ഇത്തവണത്തെ വിളവ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്ക് വെക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അലി പറഞ്ഞു. അടുത്ത വർഷത്തോടെ വിപണിയിൽ വിൽപന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അലി പറഞ്ഞു.
200 മുതൽ 300 രൂപ വരെ വിപണിയിൽ വില ലഭിക്കുന്ന റംബുട്ടാന് മാർക്കറ്റിൽ ഡിമാന്റ് ഉണ്ടെന്നും നല്ല പരിചരണം ലഭിച്ചാൽ കൂടുതൽ വിളവ് ലഭിക്കുമെന്നും ഇത്തരം കൃഷിയിലേക്ക് തിരിഞ്ഞാൽ വലിയ മുതൽ മുടക്കില്ലാതെ തന്നെ നല്ല ആധായം ലഭിക്കുമെന്നും മറ്റുള്ളവരും റംബുട്ടാൻ കൃഷി പരീക്ഷിക്കണമെന്നും അലി പറഞ്ഞു. എടപ്പാൾ അണ്ണക്കമ്പാട് ഇലക്ട്രിക്ക് ഷോപ്പ് നടത്തിവരികയാണ് അലി.