ഗൾഫ് വാഹനാപകടം: കുട്ടികള്‍ ഉള്‍പ്പെടെ 8 മരണം; നാടും പ്രവാസി ലോകവും കണ്ണീരിൽ
മരണപ്പെട്ടതിൽ പൊന്നാനി സ്വദേശിനിയും
അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിൽ നിന്നുള്ള നാല് പേരാണ് മരിച്ചത്. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശിയും ദുബായില്‍ വ്യാപാരിയുമായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
*അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി ബുഷറയുമാണ് മരിച്ചത്. പൊന്നാനി ചമ്രവട്ടം സ്വദേശിനിയാണ് ബുഷറ. മയ്യിത്തുകൾ നിലവിൽ മോർച്ചറിയിൽ ആണ് ഉള്ളത്.
*അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയും മറ്റു രണ്ട് മക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
*അബുദാബി – ദുബായ് റോഡില്‍ ഷഹാമക്കിന് സമീപമാണ് ഇവർ സഞ്ചരിച്ച നിസ്സാൻ പട്രോൾ കാർ അപകടത്തിൽ പെട്ടത്. ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്.
*ദീർഘദൂര ഡ്രൈവാണ് അപകടത്തിന് വഴിവെച്ചത് എന്നാണ് പ്രാഥമിക വിവരങ്ങൾ. ഇവരോട് അബുദാബിയിൽ തങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സൗദിയിൽ പെട്ടെന്ന് തിരിച്ചെത്താനുള്ള ആവശ്യം ഉണ്ടായത് കൊണ്ടാണ് ഇവർ പെട്ടെന്ന് മടങ്ങിയത്.
*അതേസമയം, ഇന്നലെ സൗദിയിൽ മദീനക്കടുത്ത് വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീനയിലേക്ക് പോകാൻ സന്ദർശന വിസയിൽ സൗദിയിലെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജലീലിന്‍റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.