EDAPPAL

കൺസ്യൂമർഫെഡ് സബ്‌സിഡി വിപണി: ജില്ലാതല ഉദ്ഘാടനം എടപ്പാൾ ത്രിവേണി മെഗാർട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് നിർവഹിച്ചു

എടപ്പാൾ | വിഷു – ഈസ്റ്റർ കാലയളവിൽ വിപണിയിൽ കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന പ്രത്യോക സഹകരണ വിപണി ജില്ലയിൽ ആരംഭിച്ചു. 2025 ഏപ്രിൽ 12 മുതൽ ഏപ്രിൽ 21 വരെ വിപണി നടത്തപ്പെടുന്നത്. ജില്ലയിലെ കൺസ്യൂമർഫെഡിൻ്റെ ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാൾ, വളാഞ്ചേരി, പുലാമന്തോൾ, തിരൂർ. പരപ്പനങ്ങാടി, വണ്ടൂർ, പട്ടിക്കാട്, മഞ്ചേരി, എടക്കര, മലപ്പുറം എന്നിങ്ങനെ ജില്ലയിലെ 12 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും വിഷു-ഈസ്റ്റർ വിപണി നടത്തപ്പെടുന്നുണ്ട്. 13 ഈന സബ്സിഡി സാധനങ്ങൾക്ക് 40% വരെയും മറ്റുള്ളവക്ക് 10% മുതൽ 30% വരെയും ഇളവ് ലഭിക്കും. സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് വഴിയാണ് വിതരണം നടത്തുന്നത്. 13 ഇന സബ്‌സിഡി സാധനങ്ങൾക്ക് പുറമെ പൊതുമാർക്കറ്റിൽ നിന്നും വിലക്കുറവിൽ നോൺ സബ്‌സിഡി സാധനങ്ങളും, പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും, കൂടാതെ സ്കൂൾ വിപണിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും, ദിനേശ്, റെയ്‌ഡ്കോ, മിൽമ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ വിപണിയിൽ വിൽപ്പനക്കായി സജ്ജമാക്കിയിട്ടുണ്ട്. ത്രിവേണികളിലൂടെ പ്രതിദിനം 76 പേർക്കാണ് സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുക. എടപ്പാളിലെ ജില്ലാ വിപണന കേന്ദ്രത്തിൽ ദിവസം 150 പേർക്ക് സബ്സിഡി സാധനങ്ങൾ ലഭിക്കും. സബ്‌സിഡി വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടപ്പാൾ ത്രിവേണി മെഗാർട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻവാസ് നിർവഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് ആദ്യ വില്‌പന നടത്തി, എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഇ എസ് സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു. കൺസ്യൂമർഫെഡ് എക്സ‌ിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി സോഫിയ മെഹറിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺസ്യൂമർഫെഡ്, റീജിയണൽ മാനേജർ ബി കെ മുഹമ്മദ് ജുമാൻ സ്വാഗതവും, കൺസ്യൂമർഫെഡ് ത്രിവേണി മാർക്കറ്റിങ് മാനേജർ അലി സിപി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button