KERALA

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി.

കോഴിക്കോട് നിപ സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാമ്പിളുകളില്‍ നിപയ്ക്കെതിരെയുള്ള ഐ ജി ജി ആന്റിബോഡിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.
ഇതോടെ നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകള്‍ ശേഖരിച്ചത്.
ആദ്യഘട്ടത്തില്‍ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകള്‍ക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയത്.

നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മൂന്നാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button