കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; തീരാനോവായി വര്‍ഷ

മുംബൈ: കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വർഷ എന്ന 20കാരിയാണ് മരിച്ചത്.മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആർ ജി ഷിന്‍ഡെ കോളജിലാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്.
ചിരിച്ചുകൊണ്ട് കോളജ് അനുഭവങ്ങള്‍ പറയുന്നതിനിടെ വർഷ കുഴഞ്ഞുവീഴുകയായിരുന്നു. വർഷയെ ഉടനെ പരന്ദയിലെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ഫെയർവെല്‍ ചടങ്ങുകള്‍ മുഴുവൻ ക്യാമറയില്‍ പകർത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ തീരാനോവായി അവശേഷിക്കുകയാണ്.വർഷയ്ക്ക് 8 വയസ്സുള്ളപ്പോള്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാല്‍ കഴിഞ്ഞ 12 വർഷമായി ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചുവെന്നും ഇത് മസ്തിഷ്ക മരണത്തിനും ഒടുവില്‍ മരണത്തിനും കാരണമായെന്നുമാണ് റിപ്പോർട്ട്. വർഷയുടെ മരണത്തില്‍ അനുശോചിച്ച് കോളജിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
