കോട്ടയത്തെ കൊലപാതകം,കൊലയാളി മൃതദേഹം സ്റ്റേഷനിലെത്തിച്ചത് തോളിലേറ്റി.

യുവാവിനെ തല്ലിക്കൊന്ന് കൊലയാളി തന്നെ മൃതദേഹം പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട ഞെട്ടിക്കുന്ന സംഭവം കേട്ടാണ് ഇന്ന് കോട്ടയം നഗരം ഉണര്‍ന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവേ ജോമോനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ടത് 19കാരനായ ഷാന്‍ ബാബുവാണ്. കോട്ടയം വിമലഗിരി സ്വദേശിയാണ് ഷാന്‍. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു.
ജില്ലയിൽ അധികാരം സ്ഥാപിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി ജോമോന്‍ പൊലീസിനോട് പറഞ്ഞു. എതിർ ഗുണ്ടാ സംഘത്തിലുള്ളവരുടെ താവളം കണ്ടെത്താനാണ് ആക്രമിച്ചതെന്നും പ്രതി മൊഴി നല്‍കി. മറ്റൊരു ഗുണ്ടയായ സൂര്യന്‍റെ സംഘം ജോമോന്‍റെ സംഘത്തിലുള്ളവരെ മർദിച്ചിരുന്നു. സൂര്യനുമായി ഷാൻ ബാബുവിന് സൗഹൃദം ഉണ്ടായിരുന്നു. തുടർന്നാണ് ഷാനെ ആക്രമിച്ചതെന്നാണ് സൂചന. ഷാന്‍ ബാബുവിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ഷാനിന്‍റെ മൃതദേഹവുമായി ജോമോന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. പ്രതി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ നവംബര്‍ 21ന് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു
കോട്ടയത്ത് ഷാനെ കൊലപ്പെടുത്തിയത് ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാനെന്ന് കോട്ടയം എസ് പി ഡി ശില്‍പ . മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. ഒറ്റക്കാണ് പ്രതി കൃത്യം നടത്തിയത് എന്ന് പറയുന്നു എന്നാല്‍ കൂടുതല്‍ ആളുകളുണ്ടോ എന്നത് അന്വേഷിക്കും. ഇത്തരം ഗുണ്ടാ സംഘങ്ങളെ പിടി കൂടാന്‍ ‘ഒപ്പറേഷന്‍ മുക്തി’ എന്ന പേരില്‍ പുതിയ പ്രോജക്ട് ആരംഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
