EDAPPAL
കൊയ്ത്തു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാനായി സൂക്ഷിച്ച വൈക്കോൽക്കൂനകൾക്ക് തീവെച്ചു

എടപ്പാൾ : കൊയ്ത്തും മെതിയും കഴിഞ്ഞു സൂക്ഷിച്ച വൈക്കോൽക്കൂനകൾ രാത്രി തീവെച്ചു നശിപ്പിച്ചതായി പരാതി. പൂക്കരത്തറ പൊങ്കുന്ന് തൂമ്പായ് പാടശേഖരത്തിലെ കൃഷിക്കാരനായ കൈതപ്പുറത്ത് സിദ്ധിക്കിന്റെ വയലിലാണ് സംഭവം. കൊയ്ത്തു കഴിഞ്ഞ ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി കെട്ടുകളാക്കി സൂക്ഷിച്ച വൈക്കോൽക്കൂനക്ക് ഒന്നാകെ കഴിഞ്ഞ രാത്രിയിൽ തീയിടുകയായിരുന്നു.
ഇരുപതിനായിരത്തോളം രൂപയുടെ വൈക്കോലാണ് കത്തി നശിച്ചത്. സംഭവത്തിൽ കേരള കർഷകസംഘം എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലാട്ടയിൽ വേലായുധൻ അധ്യക്ഷനായി. പി മുരളീധരൻ, കെ ദേവിക്കുട്ടി,സി വി ജയൻ,ശോഭന അയിനിക്കൽ,ദേവദാസ്,ഗഫൂർ,ദിനേശൻ എന്നിവർ പ്രസംഗിച്ചു.
