KERALA

കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിൽ.

കുമ്പിടി : ഭാരതപ്പുഴയിൽ നിർമിക്കുന്ന കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ 85 ശതമാനം നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. റെഗുലേറ്ററിൻ്റെ 29 ഷട്ടറുകളിൽ 21 എണ്ണവും സ്ഥാപിച്ചു കഴിഞ്ഞു. ബാക്കി 8 ഷട്ടറുകൾ ഫെബ്രുവരി അവസാനത്തോടെ സ്ഥാപിച്ച് ഷട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് കരാർ കമ്പനി ജനറൽ മാനേജർ എസ് പ്രദീപ് കെ ന്യൂസിനോട് പറഞ്ഞു 418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയുണ്ട് . പാലത്തിന്റെ മുകളിൽ ഇരുഭാഗത്തുമായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട് .പാലത്തിൻ്റെ മുകൾഭാഗത്തെ റോഡിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ഇരുവശത്തുമായുള്ള കൈവരികളും സ്ഥാപിച്ചു കഴിഞ്ഞു. അപ്രോച് റോഡിന്റെ നിർമ്മാണമാണ് ഇനി ബാക്കിയുള്ളത്. അതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ Basic valuation Report തെയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കുന്നതിന് മൂന്നെ ഭൂഉടമകൾ സ്ഥലം വിട്ടു കൊടുക്കാൻ തെയ്യാറായാൽ അപ്രോച്ച് റോഡ് നിർമ്മാണം ഉടർ ആരംഭിക്കാനാകും .സ്ഥലം ഉടനെ ലഭ്യമായാൽ ജൂൺ മാസത്തിലെ മഴക്ക് മുന്നെ പദ്ധതി പൂർത്തിയാക്കാനാകും. അല്ലാത്ത പക്ഷം മഴക്കാലം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും. കാങ്കപ്പുഴക്കടവിൽ പാലത്തിന്റെ അവസാനഭാഗത്തായി അപ്രോച്ച് റോഡുകൾ നിർമിക്കുന്നതിനും കുറ്റിപ്പുറം തിരൂർ റോഡ് ജങ്ഷൻ, കുമ്പിടി അങ്ങാടി എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ വീതി 12 മീറ്ററായി വർധിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.അപ്രോച്ച് റോഡ് വരുന്ന കുമ്പിടി ഭാഗത്ത് പ്രധാനമായും കച്ചവട സ്ഥാപനങ്ങളാണ് പൊളിക്കേണ്ടിവരുക. കിഫ്ബിയുടെ 105 കോടിയുടെ സഹായത്തോടെ 2022 ഡിസംബറിൽ ആരംഭിച്ച നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയമാണ് കരാർ കമ്പനിക്ക് നൽകിയിരുന്നത് മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പൂർത്തിയായാൽ കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുത്താനും തൃത്താല മണ്ഡലത്തിന്റെയും കുമ്പിടി, കുറ്റിപ്പുറം പ്രദേശങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് നാഴികക്കല്ലായും പദ്ധതി മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button