കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ


കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന് എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും.
വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത് കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ 8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെ പിന്തുടരുകയായിരുന്നു.
എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയും ഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാം പുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട് നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.
