കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍.

കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. പ്രധാന നേതാക്കള്‍ പാര്‍ട്ടിയെ കയ്യൊഴിയുകയാണ്. കേരളത്തില്‍ വി.എം സുധീരന്‍ രാജി നല്‍കി. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് വിട്ടു നേതാക്കള്‍ ഓരോരുത്തരായി പോവുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്തുകൊണ്ടാണ് ആളുകള്‍ പാര്‍ട്ടി വിട്ടുപോവുന്നത്? അത് നമ്മുടെ പിഴവുകൊണ്ടാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ വിരോധാഭാസം എന്തെന്നാല്‍ തങ്ങളുടെ അടുത്ത ആളുകളെന്ന് നേതാക്കള്‍ കരുതുന്നവര്‍ പാര്‍ട്ടി വിട്ടുപോവുന്നു, തങ്ങളോട് അടുപ്പമില്ലെന്ന് അവര്‍ കരുതുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള ജി-23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
നിലവില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്. തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദര്‍ സിങ് പരസ്യമായി രംഗത്തെത്തിയിരുന്നു.
ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
