India

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലോട്ടറി നികുതി ചുമത്താനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി.
ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്‍റെ പരിതിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. 2013ലാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ലോട്ടറികൾക്ക് നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീം കോടതി പ്രസ്‌താവിച്ചു. ലോട്ടറി ടിക്കറ്റുകള്‍ വിൽക്കുന്ന നിന്ന് കേന്ദ്രം പിരിച്ചെടുത്ത സേവന നികുതി വേഗത്തിൽ തിരികെ നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II പ്രകാരം എൻട്രി 34 പ്രകാരം ലോട്ടറി ടിക്കറ്റുകൾക്ക് പാർലമെന്‍ററി നിയമം വഴി നികുതി ചുമത്താൻ കഴിയില്ലെന്ന് ലോട്ടറി വിതരണക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.എൻട്രി 62 പ്രകാരം “വാതുവയ്പ്പും ചൂതാട്ടവും” എന്ന വിഭാഗത്തിലും സംസ്ഥാന നിയമസഭയുടെ മാത്രം അധികാരപരിധിയിൽ വരുന്നതിനാൽ സേവന നികുതി ചുമത്തുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ലോട്ടറി വില്‍പനക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button