കെ.എസ്.ആര്‍.ടി.സി. ബസ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവല്ല: കെ.എസ്.ആര്‍.ടി.സി. ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. തിരുവല്ല കെ.എസ്.ആര്‍.ടി.സി.സ്‌റ്റാന്‍ഡില്‍നിന്നു മദ്യലഹരിയില്‍ ബസ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിനാ(34)ണു പിടിയിലായത്. കഴിഞ്ഞ 16 നു രാത്രി പത്തരയോടെയായിരുന്നു സംഭവം. സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന, തിരുവല്ല-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന, ഓര്‍ഡിനറി ബസ് തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് സ്‌റ്റാര്‍ട്ടാക്കി ഓടിച്ചുപോകാന്‍ ശ്രമിക്കുന്നതു കണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും യാത്രക്കാരും ചേര്‍ന്നു തടയുകയായിരുന്നു. ജീവനക്കാരും സ്‌റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ ബസില്‍നിന്നു പുറത്തിറക്കിയത്.
മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്ന ജെബിനെ ഡിവൈ.എസ്.പി: എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കസ്‌റ്റഡിയിലെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
