കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി പ്രധാന്യത്തോടെ നടപ്പാക്കും
എടപ്പാൾ: ജലസേചനത്തിനും ശുദ്ധജലത്തിനും പ്രയോജനപ്പെടുന്ന ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സ്പീക്കർ എം.ബി.രാജേഷിനൊപ്പം പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പൂർണമായും പരിഹരിക്കും. ചെലവ് കൂടുതലാകും എങ്കിലും പാർശ്വഭിത്തികൾ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. പദ്ധതി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. നബാർഡിന്റെ ആർഐഡിഎഫ് സ്കീമിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച റഗുലേറ്റർ കം ബ്രിജ് പദ്ധതി 2018 ലെ പ്രളയത്തെ തുടർന്ന് പാതി വഴിയിൽ നിലച്ചിരുന്നു.
പിന്നീട് സ്പീക്കർ എം.ബി.രാജേഷ് മുൻകയ്യെടുത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചർച്ച നടത്തുകയും ആശങ്കകൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.പി.മമ്മിക്കുട്ടി എംഎൽഎ, ഇറിഗേഷൻ ചീഫ് എൻജിനീയർ അലക്സ് വർഗീസ്, സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായി. നബാർഡ് സഹായത്തോടെ 50 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്