Local news
കുന്നംകുളത്ത് നവവരന്റെ വീട് ഇഷ്ടപ്പെടാതെ നവവധു ഇടഞ്ഞ സംഭവം: ഒത്തുതീർപ്പ് ചർച്ച പരാജയം; ഇരുവരും പിരിഞ്ഞു
വീട്ടുകാർ തമ്മിൽ സൗഹൃദം ഉണ്ടെങ്കിലും വധൂവരന്മാരുടെ ഉറച്ച തീരുമാനത്തോടെ ചർച്ച പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാർ രംഗത്ത് വരികയും ചെയ്തു. ഇത് സ്റ്റേഷന് പുറത്ത് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് പറഞ്ഞ് പോലീസും സംഭവത്തിൽ നിന്ന് തലയൂരി. പിന്നീട് സ്റ്റേഷന് പുറത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് വെള്ളിയാഴ്ച നൽകുവാനും ആഭരണങ്ങൾ പരസ്പരം കൈമാറുവാനും ധാരണയായി. അതേസമയം സാധാരണക്കാരനായ തന്റെ വീട് അത്ര മോശമായ അവസ്ഥയിൽ അല്ലെന്ന് വരൻ പറയുന്നു. വീടിന്റെ മോശമായ അവസ്ഥയാണ് വിവാഹബന്ധത്തിൽ നിന്നും വധു ഒഴിയാൻ കാരണമായത് എന്ന പ്രചാരണം വേദനയുണ്ടാക്കി എന്നും വരൻ സൂചിപ്പിച്ചു. കൽപ്പണിക്കാരനായ തന്റെ സഹോദരങ്ങളുടെ വിവാഹം നടന്നതും മുൻഭാഗം ഓട് മേഞ്ഞ് ഗ്രില്ലിട്ട ഇതേ വീട്ടിൽ വച്ചായിരുന്നു എന്ന് വരൻ ഓർമപ്പെടുത്തി.