കുന്നംകുളം

കുന്നംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസഹ്യമായ ദുര്‍ഗന്ധം; നാട്ടുകാര്‍ ഉറവിടം കണ്ടെത്തി, ഒട്ടകത്തിന്റെ ജഡം

കുന്നംകുളം ചൊവ്വന്നൂരില്‍ തരിശിട്ട പാടത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉടമസ്ഥന്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപം തൃശൂരില്‍ താമസിക്കുന്ന പുതുക്കുളങ്ങര ബാലഗോപലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഴിയെടുത്ത് മുടിയ നിലയില്‍ ജഡം കണ്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഗൃഹനാഥനാണ് ഒട്ടകത്തിന്റെ ജഡമാണ് കുഴിച്ചിട്ടിട്ടുള്ളതെന്ന് സ്ഥീരികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ടോറസ് ലോറിയും ജെ.സി.ബിയും ഒഴിഞ്ഞ പറമ്പില്‍ കണ്ടിരുന്നു. ജെ സി ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ടോറസ് ലോറിയില്‍നിന്നും ജഡം കുഴിയിലേക്ക് വലിച്ചിട്ടാണ് കുഴിച്ചുമൂടിയതെന്ന് കണ്ടതായി അയല്‍വാസിയായ ഗൃഹനാഥന്‍ പോലീസിനോട് വ്യക്തമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ബീന രവി വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി. അഴുകിയ നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒട്ടകത്തിന്റെ ജഡം പുറത്തെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. ദുര്‍ഗന്ധം പുറത്ത് വരാത്ത വിധം കുടുതല്‍ മണ്ണിട്ട് മൂടുന്നതായിരിക്കും ഉചിതമെന്ന് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ പറമ്പുകളില്‍ അശാസ്ത്രീയ രീതിയില്‍ കുഴിച്ചിടുന്ന മാംസ മാലിന്യം വീണ്ടും പുറത്തെടുത്ത് സംസ്‌ക്കരിക്കാന്‍ നഗരസഭക്ക് പ്രത്യേക സംവിധാനങ്ങളില്ല. വന്യമൃഗമല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള സാഹചര്യം നിലവിലില്ലന്ന് പോലീസ് പറഞ്ഞു. അതേ സമയം ഒട്ടകത്തിന്റെ ജഡം പരസ്യമായി കുഴിച്ചിടുന്നത് കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ രൂക്ഷമായ ദുര്‍ഗന്ധം പരന്നതോടെയാണ് പരാതിയുമായി ചിലര്‍ രംഗത്ത് വന്നത്. അനുമതിയില്ലാതെ പറമ്പില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ടതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് സ്ഥല ഉടമ അറിയിച്ചു. ജഡം കുഴിച്ചിട്ടവരെ കണ്ടെത്തി ശാസ്ത്രീയമായ രീതിയില്‍ കുഴിച്ചിടനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ വിഭാഗം പോലിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button