KUTTIPPURAMLocal news

തൃക്കണാപുരം എംഇഎസ് എൻജി. കോളജിലെ വിദ്യാർഥി സംഘർഷം: 2 പേർ കൂടി അറസ്റ്റിൽ

കുറ്റിപ്പുറം ∙ തൃക്കണാപുരം എംഇഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു 2 പേർ കൂടി അറസ്റ്റിലായി. പ്രിൻസിപ്പലിന്റെ ഓഫിസ് അടിച്ചുതകർത്ത കേസിൽ ഇരുപതോളം പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നു കുറ്റിപ്പുറം സിഐ കെ.പ്രമോദ് അറിയിച്ചു. ഓഫിസ് തകർത്ത സംഭവത്തിൽ തിരൂർ ബിപി അങ്ങാടി സ്വദേശി ചെമ്പ്രവീട്ടിൽ ജിബിൻ (22), ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അറക്കൽ മുഹമ്മദ് മിഹാൽ (20) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്ഐ ഒ.പി.വിജയകുമാരനെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ ബുധനാഴ്ച അറസ്റ്റിലായ തിരുവേഗപ്പുറ സ്വദേശി കുന്നുംപുറത്ത് മുഹമ്മദ് മിസാബ് (21), കോഴിക്കോട് പാലേരി സ്വദേശി മുഫ്‌ലിഹ് (22), തൃശൂർ ഊരകം സ്വദേശി അർജുൻരാജ് (21) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. 

ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളുടെ എണ്ണം അഞ്ചായി. ബുധനാഴ്ച ഉച്ചയോടെയാണു കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിയുമായി മുപ്പതോളം വിദ്യാർഥികൾ പ്രിൻസിപ്പൽ ഐ.റഹ്മത്തുന്നീസയുടെ മുറിയിലേക്കു തള്ളിക്കയറുകയായിരുന്നു. പ്രിൻസിപ്പലിനെ അസഭ്യം പറഞ്ഞു വിദ്യാർഥികൾ ഓഫിസ് മുറി അടിച്ചുതകർത്തു. സംഘർഷത്തെത്തുടർന്നു സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ ഒ.പി.വിജയകുമാരനെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർത്തതിനുമായി 2 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഫിസ് തകർത്ത കേസുമായി ബന്ധപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് ഇതുപതോളം പ്രതികളെ തിരിച്ചറിഞ്ഞത്. 

അന്വേഷണ കമ്മിഷൻ രൂപീകരിച്ചു

എംഇഎസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അക്കാദമിക് കൗൺസിൽ ചേർന്ന് അന്വേഷണ കമ്മിഷൻ രൂപീകരിച്ചു. വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷവും പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർത്ത സംഭവവും അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 2 അന്വേഷണ കമ്മിഷനെയാണു  നിയോഗിച്ചിട്ടുള്ളത്. പ്രിൻസിപ്പലിന്റെ മുറി ആക്രമിച്ച സംഭവത്തിൽ 17നു റിപ്പോർട്ട് നൽകണം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനാണു തീരുമാനം. സംഘർഷത്തെത്തുടർന്ന് അടച്ച കോളജ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇന്നലെയും ഇന്നും ഓൺലൈൻ വഴിയാണു പഠനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button